ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; തിരുവനന്തപുരത്ത് സ്‌കൂൾ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു
ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട സ്‌കൂൾ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂർ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. സ്‌കൂളിന് സമീപത്ത് ഓട്ടോറിക്ഷയിൽ ഇരുന്ന ശേഷം തീ കൊളുത്തുകയായിരുന്നു.
പതിനാറ് വർഷമായി കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാർ. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നാമ് ആറ് മാസം മുമ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ശ്രീകുമാറിനെ അടക്കം 61 പേരെയാണ് സ്‌കൂൾ മാനേജ്‌മെന്റ് പിരിച്ചുവിട്ടത്
ഇതിനെതിരെ സ്‌കൂളിന് സമീപത്ത് തൊഴിലാളികൾ സമരം നടത്തിയിരുന്നു. ഔട്ട് സോഴ്‌സിംഗ് ഏജൻസി വഴി ഇവർക്ക് തന്നെ ജോലി നൽകാമെന്ന് ചർച്ചയിൽ സ്‌കൂൾ അധികൃതർ ഉറപ്പും നൽകി. ഇതിന്റെ ഭാഗമായി സ്‌കൂൾ തുറന്ന് പ്രവർത്തിച്ചപ്പോൾ ജോലിക്ക് എത്തിയതായിരുന്നു ശ്രീകുമാർ. അപ്പോഴാണ് മറ്റ് ചിലർ ജോലിക്ക് കയറിയെന്നും തന്റെ ജോലി നഷ്ടപ്പെട്ടതായും മനസ്സിലാക്കുന്നത്.
ഇതേ സ്‌കൂളിൽ ആയ ആയി ജോലി ചെയ്യുകയാണ് ശ്രീകുമാറിന്റെ ഭാര്യ. രണ്ട് പെൺകുട്ടികളാണ് ഇവർക്കുള്ളത്. ഏറെ കടബാധ്യതകളുള്ള കുടുംബത്തിന് ശ്രീകുമാറിന്റെ ജോലി കൂടി നഷടപ്പെട്ടതോടെ വലിയ ബുദ്ധിമുട്ടിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്.