Sunday, January 5, 2025
Kerala

കളമശ്ശേരിയില്‍ മണ്ണിടിച്ചില്‍; മരണം നാലായി: ഒരാള്‍ക്കായി തിരച്ചില്‍

 

കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക് സിറ്റിയില്‍ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു. ഫൈജുല്‍, കൂടൂസ്, നൗജേഷ്, നൂറാമിന്‍ എന്നീ ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നാണ് വിവരം. ഇലക്‌ട്രോണിക് സിറ്റിനിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

മണ്ണിനുള്ളില്‍ നിന്നും ആദ്യം രക്ഷപ്പെടുത്തിയ രണ്ട് പേരുടെ നില തൃപ്തികരമാണ്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴ് തൊഴിലാളികളാണ് മണ്ണിനടിയില്‍ കുടുങ്ങിയതെന്നാണ് വിവരം. ഇതില്‍ ആറു പേരെ പുറത്തെടുത്തു. ഒരാള്‍ക്കായി തിരച്ചിലില്‍ തുടരുകയാണ്.

അവസാനം പുറത്തെടുത്തവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ സമയം മണ്ണിനുള്ളിലായിപ്പോയതിനാലാണ് ഇവരെ രക്ഷിക്കാന്‍ കഴിയാഞ്ഞത്.

നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട എല്ലാവരും ഇതരസംസ്ഥാന തൊഴിലാളികളാണ്. അഞ്ച് പേര്‍ കുഴിക്കുള്ളില്‍ കുടുങ്ങിയെന്നായിരുന്നു പ്രാഥമിക വിവരം. ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കൂടുതല്‍ പേര്‍ കുടുങ്ങിയതായി സംശയം ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 25 തൊഴിലാളികളായിരുന്നു സ്ഥലത്ത് ഇന്നുണ്ടായിരുന്നതെന്നും 7 പേരെ കാണാനില്ലെന്നും സ്ഥിരീകരിച്ചു.

വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യതയുണ്ടെന്ന പൊലീസ് അറിയിച്ചു. വളരെ ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത് എന്ന് അന്വേഷിക്കുമെന്ന് സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *