കുവൈത്തിലെ സർക്കാർ സ്കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരും
കുവൈത്തിലെ സർക്കാർ സ്കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം കുറച്ചുകാലം കൂടി തുടരണമെന്ന് അധികൃതർ തീരുമാനിച്ചത്.
കുവൈത്തിലെ പൊതുവിദ്യാലയങ്ങളിൽ രണ്ടാം സെമസ്റ്റർ കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു . ഒന്നാം സെമസ്റ്ററിലെ പോലെ കുട്ടികളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പും ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്ന രീതിയിൽ അധ്യയനം തുടരാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഫൈസൽ അൽ മഖ്സിദ് പറഞ്ഞു.വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം കുറച്ചുകാലം കൂടി തുടരണമെന്ന് അധികൃതർ തീരുമാനിച്ചത്. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ രാജ്യത്തെ ഒട്ടുമിക്ക മേഖലകളിലും നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട് .
എന്നാൽ സ്കൂളിൽ ഇപ്പോഴും സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് ക്ലാസ്സുകൾ നടക്കുന്നത്. വാക്സിൻ എടുക്കാത്ത അധ്യാപകരും വിദ്യാർത്ഥികളും ക്ലാസ്സിൽ പ്രവേശിക്കുന്നതിന് മുൻപ് ഓരോ ആഴ്ചയും പിസിആർ പരിശോധന നടത്തണമെന്ന നിബന്ധന ആരോഗ്യാന്ത്രാലയം പിൻവലിച്ചിരുന്നു . അതിനിടെ രാജ്യത്തെ ഇന്ത്യൻ വിദ്യാലയങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പൂർണ തോതിൽ പ്രവർത്തിക്കുമെന്നാണ് വിവരം. ഇരുപതോളം വരുന്ന ഇന്ത്യൻ സ്‌കൂളുകളിൽ ഇതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട് .