തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം
തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി മനുവാണ് (29) സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.
അയല്‍വാസിയായ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഭയപ്പെടുത്തി എന്നതാണ് മനുവിനെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആറ് മണിയോടെ ബാത്ത്‌റൂമില്‍ പോകണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ ബാത്ത്‌റൂമില്‍ കയറി മുണ്ട് കഴുത്തില്‍ കുരുക്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ പൊലീസുകാര്‍ ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചു. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.