പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു; ഹോട്ടൽ പൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം
പറവൂരിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ വ്യാപക പരിശോധന തുടരുന്നു. പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടൽ പൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എഴുപതുപേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പശ്ചാത്തലത്തിലാണ് വ്യാപക പരിശോധന.
പറവൂരിലെ കുമ്പാരി ഹോട്ടലിൽ കേടായ ഭക്ഷണം ഉൾപ്പെടെ ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഭക്ഷ്യവസ്‌തുക്കൾ എല്ലാം ആരോഗ്യവകുപ്പ് പിടിച്ചെടുത്തു. ഇറച്ചിയും പച്ചക്കറിയുൾപ്പെടെ ഫ്രീസറിൽ പഴകിയ നിലയിൽ കണ്ടെത്തി. ഇന്ന് പറവൂരിലെ എല്ലാ മേഖലകളിലും ആരോഗ്യവകുപ്പിന്റെ പരിശോധനയുണ്ടാകും. വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയാൽ നടപടിയുണ്ടാകും.
അതേസമയം എറണാകുളം പറവൂരിലെ ഭക്ഷ്യവിഷബാധയിൽ ഒരാൾ കസ്റ്റഡിയിൽ. മജിലിസ് ഹോട്ടലിലെ പാചകക്കാരൻ ഹസൈനാർ ആണ് പിടിയിലായത്. ഉടമ ഒളിവിലാണ്. കുഴിമന്തി കഴിച്ച് ചികിത്സ തേടിയത് എഴുപത് പേരാണ്. നഗരസഭാ ഓഫീസിലേക്ക് ഇന്ന് ഡിവൈഎഫ്ഐ മാർച്ച് നടത്തും. ഇന്നലെ വൈകീട്ട് മജിലിസ് ഹോട്ടലിൽ നിന്നും കുഴിമന്തിയും, അൽഫാമും, ഷവായിയും മറ്റും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.