Thursday, January 9, 2025
Kerala

ആരോഗ്യപ്രവര്‍ത്തക സമിതി യോഗം ഇന്ന് മുതല്‍; ജി-20 അംഗരാജ്യ പ്രതിനിധികള്‍ പങ്കെടുക്കും

ഇന്ത്യ ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ആരോഗ്യപ്രവര്‍ത്തക സമിതി യോഗം ഇന്ന് മുതല്‍ തിരുവനന്തപുരത്ത്. ഡിജിറ്റല്‍ ഹെല്‍ത്ത്, തദ്ദേശീയ വാക്സിനുകള്‍, മരുന്ന് ഗവേഷണങ്ങള്‍, മെഡിക്കല്‍ ടൂറിസം തുടങ്ങിയ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയാകുക. ആരോഗ്യമേഖലയിലെ ടൂറിസം സാദ്ധ്യതകളെ കുറിച്ചുള്ള ചര്‍ച്ചയാകും തിരുവനന്തപുരത്തെ ആദ്യ യോഗത്തില്‍ പ്രധാനമായും നടക്കുക.

തിരുവനന്തപുരത്തിന് പിന്നാലെ ഗോവ, ഹൈദരാബാദ്, ഗാന്ധിനഗര്‍ നഗരങ്ങളും ആരോഗ്യ പ്രവര്‍ത്തകസമിതി യോഗങ്ങള്‍ക്ക് വേദിയാകും. ശേഷം മന്ത്രിതല യോഗവും ഇന്ത്യയില്‍ നടക്കും.

ഇന്ന് മുതല്‍ വെള്ളിയാഴ്ച്ച വരെ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ജി20 അംഗരാജ്യങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങളുടെയും പ്രമുഖ അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കും.

ഇന്തോനേഷ്യയിലെ ബാലിയില്‍ കഴിഞ്ഞ നവംബറില്‍ നടന്ന ദ്വിദിന ജി 20 ഉച്ചകോടിയിലാണ് 2023 വര്‍ഷത്തേക്കുള്ള അധ്യക്ഷ പദവിയില്‍ ഇന്ത്യയെ തെരഞ്ഞെടുത്തത്. ഡിസംബര്‍ ഒന്നിനാണ് ഇന്ത്യ ജി 20 അധ്യക്ഷ പദവിയില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *