സംസ്ഥാന ജിഎസ്ടി വകുപ്പ് പുനസംഘടിപ്പിക്കും; ഔദ്യോഗിക പ്രഖ്യാപനം 19ന്
സംസ്ഥാന ജിഎസിടി വകുപ്പ് പുനസംഘടിപ്പിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജനുവരി 19ന് നടക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ജി.എസ്.ടി വന്നതോടെ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട അര്‍ഹമായ നികുതി വരുമാനം ലഭിക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നികുതി ഘടനയില്‍ മാറ്റം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജിഎസ്ടി വകുപ്പിനെ മൂന്ന് വിഭാഗമായി തിരിക്കുമെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. ടാക്‌സ് പേയര്‍ സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ഇന്റലിജന്‍സ് വിഭാഗം എന്നിങ്ങനെയാകും വിഭജിക്കുക. വ്യാപാരികളുടെ നികുതി ബാധ്യതയുടെ കൃത്യത ഓഡിറ്റ് വിഭാഗം പരിശോധിക്കും. ടാക്‌സിന്റെ കാര്യത്തില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷയെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
നിലവില്‍ സംസ്ഥാനത്തെ നികുതി വകുപ്പിന്റെ പരിശോധനാ രീതികളില്‍ ഓഡിറ്റ് ഉള്‍പ്പെട്ടിരുന്നില്ല. കൃത്യമായ ഓഡിറ്റിംഗ് നികുതി സംവിധാനത്തിന്റെ ഭാഗമാകുന്നതോടെ നികുതിഭരണം കൂടുതല്‍ മികവുറ്റതാക്കാന്‍ സാധിക്കുമെന്നാണ് ധനകാര്യ വകുപ്പിന്റെ പ്രതീക്ഷ. ജീവനക്കാര്‍ക്ക് പ്രൊഷഫണല്‍ പരിശീലനം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്.