‘വ്യക്തിപ്രഭാവമുള്ള നേതൃത്വം’; നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തോടെയുള്ള നേതൃത്വവും നദ്ദയുടെ സംഘടനാപാടവവും ബി.ജെ.പി.യെ വീണ്ടും വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.
ഒൻപത് സംസ്ഥാനങ്ങളിൽ 2023-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പും നദ്ദയുടെ നേതൃത്വത്തിലാകും ബിജെപി നേരിടുക.നദ്ദയുടെ നേതൃത്വത്തിൽ പാർട്ടി വൻ നേട്ടങ്ങളാണ് കൈവരിച്ചതെന്ന് അമിത് ഷാ പറഞ്ഞു.ബിഹാറിൽ വൻ തോതിൽ വോട്ടുകൾ നേടി. മഹാരാഷ്‌ട്രയിൽ വീണ്ടും ഭരണത്തിലെത്തി.
ഗുജറാത്തിൽ റെക്കോഡ് ഭൂരിപക്ഷം നേടാനുമായി. ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ കഴിഞ്ഞതും നദ്ദയുടെ നേതൃത്വത്തിന് കീഴിലാണ്. താഴെതട്ട് മുതൽ ദേശീയതലം വരെ ഭാരവാഹികളെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം വ്യക്തമാക്കി. നദ്ദയുടെ നേതൃത്വത്തിൽ സംഘടനാ ബൂത്തുതലം മുതൽ കേന്ദ്രത്തലം വരെ സുസജ്ജമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.