മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്; കെ സുരേന്ദ്രൻ അടക്കം 6 പ്രതികൾ
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം 6 പേർ കുറ്റക്കാരാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം നൽകിയിട്ടുള്ളത്.
എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വിവി രമേശൻ നൽകിയ പരാതിയിലാണ് ആദ്യം ലോക്കൽ പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീടാണ് കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തത്. എന്നാൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നു എന്ന തരത്തിൽ വലിയ ആരോപണം ഉയർന്നിരുന്നു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു എന്ന ആരോപണവുമായി കെ സുന്ദര ഉൾപ്പെടെ രംഗത്ത് വരുന്ന സാഹചര്യമുണ്ടായി.
അന്വേഷണം ആരംഭിച്ച് പതിനാറ് മാസത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും രണ്ടര ലക്ഷം രൂപ കോഴയായി നൽകിയെന്നുമാണ് കേസ്.