Friday, January 10, 2025
Kerala

ചർച്ചയിൽ നൽകിയ ഉറപ്പല്ല രേഖാമൂലം നൽകിയത്; സർക്കാർ നടപടിയിൽ തൃപ്തരല്ലെന്ന് സമരസമിതി

കാസർഗോഡ് ജില്ലയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തക ദയാബായിയോട് സർക്കാർ വാക്കാൽ പറഞ്ഞ ഉറപ്പുകൾ രേഖയിലില്ല. സമര സംഘടാക പ്രതിനിധികളുമായി രണ്ട് മന്ത്രിമാർ നടത്തിയ ചർച്ചകളുടെ തീരുമാനങ്ങൾ രേഖാമൂലം നൽകി. എന്നാൽ ചർച്ചയിൽ നൽകിയ ഉറപ്പല്ല രേഖാമൂലം നൽകിയതെന്ന് സമരസമിതി നേതാക്കൾ പറയുന്നു. ഉന്നയിച്ച 4 ആവശ്യങ്ങളിൽ 3 കാര്യങ്ങൾ ഇന്നലെ നടന്ന മന്ത്രിതല ചർച്ച അംഗീകരിച്ചിരുന്നു. എന്നാൽ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന കാര്യം മാത്രമാണ് രേഖാമൂലം അറിയിച്ചത്. സർക്കാർ നടപടിയിൽ തൃപ്തരല്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

കാസർഗോഡ് ജില്ലയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിട്ട് 14 ദിവസമായി. സെക്രട്ടറിയേറ്റ് പടിക്കൽ ഗാന്ധി ജയന്തി ദിനത്തിലാണ് സമരം ആരംഭിച്ചത്.

എൻഡോസൾഫാൻ വിഷമഴയുടെ ദുരിതം പേറുന്ന ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നൂതന ചികിത്സാ സംവിധാനങ്ങൾ ഒരുക്കണെമെന്നാണ് പ്രധാനപ്പെട്ട ആവശ്യം. ആറായിരത്തിലധികം വരുന്ന ദുരിത ബാധിതർ അടിയന്തര സാഹചര്യങ്ങളിലും ആശ്രയിക്കുന്നത് മംഗളൂരു ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ ആശുപത്രികളെയാണ്. ചികിത്സാ ചിലവായി വരുന്നതോ ലക്ഷങ്ങളും. മാറി മാറി വന്ന സർക്കാരുകൾ ജില്ലയിലെ ജനങ്ങൾക്ക് മുന്നിൽ കണ്ണടുച്ചുവെന്നാണ് വിമർശനം. ദുരിത ബാധിതരെ കണ്ടെത്തുന്നതിനായി നടത്തുന്ന മെഡിക്കൽ ക്യാമ്പുകൾ പുനരാരംഭിക്കുക, പ്രായപൂർത്തിയായ ദുരിത ബാധിതർക്ക് പകൽ ദിനചര്യ കേന്ദ്രങ്ങൾ ഒരുക്കുക, മെഡിക്കൽ കോളജ് ഉടൻ പ്രവർത്തനം ആരംഭിക്കുക തുടങ്ങിയവയും സമരത്തിലൂടെ ഉന്നയിക്കുന്ന ആവശ്യങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *