Thursday, January 9, 2025
Kerala

ആംബുലൻസ് തടഞ്ഞ് വിഴിഞ്ഞം സമരക്കാരുടെ പ്രതിഷേധം

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടുള്ള തീരശോഷണ പ്രശ്നങ്ങൾ ഉന്നയിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ എട്ടു കേന്ദ്രങ്ങളിൽ റോഡ് ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു. സമരത്തിനിടെ ഒരു കൂട്ടം പ്രതിഷേധക്കാർ ആംബുലൻസ് തടഞ്ഞിട്ടു. കൂടുതൽ സമര നേതാക്കൾ ഇടപെട്ടാണ് ആംബുലൻസ് കടത്തി വിട്ടത്.

ആറ്റിങ്ങൽ, കഴക്കൂട്ടം, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട എന്നിവിടങ്ങളിൽ രാവിലെ എട്ടരയോടെയാണ് ഉപരോധം ആരംഭിച്ചത്. വൈകിട്ട് 3 വരെയായിരുന്നു ഉപരോധം. ഇതിനിടെ സൈറൺ മുഴക്കി എത്തിയ ആംബുലൻസ് ചിലർ തടഞ്ഞു. ഐസിയു സൗകര്യമുള്ള വാഹനമാണ് ഒരു കൂട്ടും സമരക്കാർ തടഞ്ഞത്. ചിലർ ആംബുലൻസിൽ അടിക്കുകയും, വാതിൽ തുറന്ന് പരിശോധിക്കുകയും ചെയ്തു.

സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റ് സമരക്കാരും, നേതാക്കളും ഉടൻ ഇടപെട്ട് ആംബുലൻസിന് വഴിയൊരുക്കി. ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല. അതേസമയം വള്ളങ്ങളുമായി സ്ത്രീകളടക്കമുള്ളവർ ദേശീയപാത ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. ചാക്കയിൽ റോഡ് ഉപരോധിച്ചതോടെ വിമാനത്താവളത്തിലേക്കു വന്ന യാത്രക്കാർ കുടുങ്ങി. പൊലീസ് വഴി തിരിച്ചുവിട്ടെങ്കിലും വിമാനത്താവളത്തിലേക്കുള്ള വഴി നിർദേശിക്കാത്തതിനാൽ ഇതര ജില്ലയിലുള്ളവർ ബുദ്ധിമുട്ടി. പലർക്കും യാത്ര ചെയ്യാനാകാതെ മടങ്ങേണ്ടിവന്നു. വിഎസ്എസ്‍സിയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *