Monday, January 6, 2025
Kerala

എൻഡോസൾഫാൻ സമരം അവസാനിപ്പിച്ചിട്ടില്ല; നിലപാട് വ്യക്തമാക്കി ദയാബായി

എൻഡോസൾഫാൻ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് ദയാബായി. രേഖാമൂലം ഉറപ്പ് ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ. വാ​ഗ്ദാനങ്ങൾ നൽകിയതിന്റെ പേരിൽ മാത്രം സമരം നിർത്താനാകില്ല. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളിൽ മൂന്നെണ്ണം അം​ഗീകരിച്ചു. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് പണമല്ല, ചികിത്സാസൗകര്യമാണ് ആവശ്യം. കാസർ​ഗോഡ് ജില്ലയിൽ എയിംസ് അനിവാര്യമാണ്. ആ ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും ദയാബായി വ്യക്തമാക്കി.

കാസർ​ഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യമന്ത്രി വീണാ ജോർജും സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദുവും ദയാബായിയെ കണ്ടിരുന്നു.

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നിരാഹാര സമരം നടത്തുകയാണ്.

കാസർ​ഗോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതാണ് പ്രധാന ആവശ്യം. ജില്ലയിൽ ആശുപത്രിസംവിധാനങ്ങൾ പരിമിതമാണ്. ലോക്ഡൗൺ കാലത്ത് അതിർത്തി അടച്ചതുകൊണ്ടുമാത്രം മതിയായ ചികിത്സകിട്ടാതെ ഇരുപതോളംപേരാണ് മരിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പുതിയ എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പുകൾ അഞ്ചുവർഷമായി നടക്കുന്നില്ല. സമരത്തോട് പൂർണമായും മുഖംതിരിക്കുകയാണ് സർക്കാർ ചെയ്തതെന്നും ദയാബായി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *