നിപയില്‍ ആശ്വാസം; ഇന്ന് പുതിയ കേസുകളില്ല; 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ആരോഗ്യമന്ത്രി
നിപയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആശ്വാസം. പുതിയ രോഗികള്‍ ഇന്നും ഇല്ല. പുറത്ത് വന്ന മുഴുവന്‍ ഫലവും നെഗറ്റീവാണ്. രോഗബാധിതനായ ഒന്‍പത് വയസുകാരന്റെ ആരോഗ്യ നില മെച്ചപ്പെട്ടതോടെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതായി ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് വിദഗ്ധ സംഘം നാളെ ജില്ലയിലെത്തും.
ഹൈ റിസ്‌ക് ക്യാറ്റഗറിയില്‍ ഉള്‍പ്പെട്ട 23 പേരുടെ ഉള്‍പ്പെടെ കോഴിക്കോട് പുറത്ത് വന്ന 42 സാമ്പിളുകളും നെഗറ്റീവ്. മലപ്പുറത്ത് ആറ് പേരുടെയും തിരുവനന്തപുരത്തെ രോഗ ലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥിയുടെയും സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്ന് 49 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം 1233 ആയി. 352 പേരാണ് ഹൈറിസ്‌ക് പട്ടികയില്‍ ഉള്ളത്. ഇതില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 9 വയസുകാരനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയത് ഏറെ ആശ്വാസകരമാണ്.
23 പേര്‍ മെഡിക്കല്‍ കോളജിലും നാല് പേര്‍ മാത്യശിശു സംരക്ഷണ കേന്ദ്രത്തിലും 3 പേര്‍ സ്വകാര്യ ആശുപത്രിയിലും രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുകയാണ്. 36 വവ്വാലുകളുടെ സാംബിളുകള്‍ ശേഖരിച്ച് പൂനൈക്ക് അയച്ചിട്ടുണ്ട്. പരിശോധനക്കായി 24 മണിക്കുറും ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സമ്പര്‍ക്കത്തിലുള്ളവരുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന്റെ സഹായം തേടി . കേന്ദ്ര മൃഗസംരക്ഷ വകുപ്പ് വിദഗ്ധ സംഘം നാളെ പ്രശ്‌ന ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും.