Friday, October 18, 2024
Kerala

‘നാല് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്’; നിപയില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

എന്‍ഐവി പൂനെയിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം കേരളത്തിലേക്ക് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അല്‍പസമയത്തിനകം പുനെയില്‍ നിന്ന് ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യവകുപ്പും സര്‍ക്കാരും സ്വീകരിക്കേണ്ട എല്ലാ നടപടികളും ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

അസ്വാഭാവിക മരണം ആദ്യം റിപ്പോര്‍ട്ട് ചെയ്യുകയും പിന്നാലെ അവരുടെ ബന്ധുക്കള്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് നിപ സംശയിച്ചതും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയതും. 2021ലാണ് അവസാനമായി നിപ മരണം കേരളത്തില്‍ സ്ഥിരീകരിച്ചത്. അതിനുശേഷം തന്നെ, കോഴിക്കോട് മെഡിക്കല്‍ കോളജിനെ ബിഎസ് ലെവല്‍ 2 ലാബാക്കി മാറ്റിയിരുന്നു. ഇവിടെ പ്രത്യേകമായി പരിശീലനവും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തോന്നയ്ക്കലും എന്‍ഐവി ആലപ്പുഴയിലും നിപ പരിശോധിക്കാനുള്ള സംവിധാനം നിലവിലുണ്ടെങ്കിലും സ്ഥിരീകരിക്കേണ്ടത് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മരണങ്ങള്‍ നിപ ബാധമൂലമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. കേരളത്തില്‍ നിപ ബാധ സ്ഥിരീകരിച്ചെന്നും സംസ്ഥാന ആരോഗ്യ മന്ത്രിയുമായി സംസാരിച്ചെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ ആണ് അറിയിച്ചത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സ്രവ പരിശോധനയ്ക്ക് ശേഷമാണ് കേരളത്തില്‍ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചത്. സ്ഥിരീകരണം പുറത്തുവന്നോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക് തിരിച്ചു. ആഗസ്റ്റ് 30നാണ് പനി ബാധിക്കപ്പെട്ട് സ്വകാര്യ ആശുപത്രിയിലായിരുന്ന ഒരാള്‍ മരിച്ചത്. ഇന്നലെയാണ് മറ്റൊരു മരണവും സ്ഥിരീകരിച്ചത്. 49,40 എന്നീ വയസുകളിലുള്ള രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published.