ആനി രാജയ്ക്കെതിരായ എംഎം മണിയുടെ വിവാദ പരാമർശം; നിലപാട് വ്യക്തമാക്കാതെ മന്ത്രി ജെ ചിഞ്ചുറാണി
സിപിഐ ദേശീയ നേതാൻ ആനി രാജയ്ക്കെതിരായ എംഎം മണിയുടെ വിവാദ പരാമർശത്തിൽ നിലപാട് വ്യക്തമാക്കാതെ മന്ത്രി ജെ ചിഞ്ചുറാണി. വിവാദം ആരംഭിച്ചത് നിയമസഭയിൽ നിന്നാണെന്നും സഭയ്ക്കകത്ത് അത് സ്പീക്കറും മുഖ്യമന്ത്രിയും പരിഹരിക്കുമെന്നും ചിഞ്ചുറാണി മാധ്യമങ്ങളോട് പറഞ്ഞു. നിലപാട് അറിയിക്കേണ്ട വേദിയിൽ അത് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരാമർശത്തിൽ ആനി രാജ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. താൻ ഇതിനെ വ്യക്തിപരമായല്ല എടുക്കുന്നതെന്ന് ആനി രാജ പ്രതികരിച്ചു.
പരാമർശത്തിൽ പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് സിപിഐ നിർദേശം നൽകി.വിഷയം സിപിഐഎം – സിപിഎം പോരായി വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യത്തിലാണ് നടപടി.
സ്പീക്കർ തീരുമാനിക്കട്ടെയെന്ന കാനം രാജേന്ദ്രന്റെ നിലപാട് ഔദ്യോഗിക തീരുമാനമെന്ന് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ബിനോയ് വിശ്വത്തിന്റെ പരസ്യ പ്രതികരണത്തിലെ അതൃപ്തിയും പാർട്ടി അദ്ദേഹത്തെ അറിയിച്ചതായാണ് വിവരം. ആനി രാജയുടെ പ്രസ്താവന പ്രതിപക്ഷത്തിന് ആയുധമായതിലും സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്.
എംഎം മണിയുടെ പരാമർശം പുതിയ വിവാദത്തിന് അടിസ്ഥാനമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. കെ കെ രമയ്‌ക്കെതിരായ പരാമർശം നിയമസഭയിലാണ് ഉണ്ടായത്. അത് പരിശോധിക്കേണ്ടത് നിയമസഭാ സ്‌പീക്കറാണ്. സ്‌പീക്കറുടെ തീരുമാനം അന്തിമമായിരുക്കുമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി.
അതേസമയം, എംഎം മണിയുടെ പരാമർശത്തോട് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല. ഡൽഹി എ.കെ.ജി. ഭവനിൽനിന്ന് മടങ്ങുമ്പോൾ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും മുഖ്യമന്ത്രി മറുപടി നൽകിയില്ല. മാധ്യമങ്ങൾ പറയുന്നത് കേട്ട് പ്രതികരിക്കാൻ ഇല്ലെന്ന് പി ബി അംഗം എ വിജയരാഘവൻ പറഞ്ഞു,
മുഖ്യമന്ത്രിയുടേത് എം.എം മണിക്ക് കുടപിടിക്കുന്ന നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പിണറായി വിജയൻറെ അനുവാദത്തോടെയാണ് പ്രസ്‌താവന നടത്തുന്നത്. പിണറായി വിജയന് കൊന്നിട്ടും തീരാത്ത പകയെന്ന് വി.ഡി.സതീശൻ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് എം എം മണി അത്തരം പരാമർശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.