മരം മുറിക്കൽ വിവാദം: റവന്യു മന്ത്രി കെ രാജനെയും ഇ ചന്ദ്രശേഖരനെയും കാനം വിളിച്ചുവരുത്തി
മരം മുറിക്കൽ വിവാദം കത്തിപ്പടരവെ റവന്യു മന്ത്രി കെ രാജനെയും മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെയും സിപിഐ സംസ്ഥാന സെക്രട്ടറി വിളിച്ചുവരുത്തി. മൂന്ന് മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഇപ്പോഴും തുടരുകയാണ്. വനം, പരിസ്ഥിതി വിഷയങ്ങളിൽ വ്യക്തമായ നിലപാടുള്ള പാർട്ടിക്ക് ഏറ്റ കനത്ത ആഘാതമാണ് മരംമുറിക്കൽ വിവാദം.
ഇതുവരെ വിഷയത്തിൽ സിപിഐ നിലപാട് വ്യക്തമാക്കിയിട്ടില്ല. കാര്യങ്ങൾ സർക്കാർ പറയുമെന്ന പരാമർശമാണ് കഴിഞ്ഞ ദിവസങ്ങളിൽ കാനം രാജേന്ദ്രനിൽ നിന്നുണ്ടായത്. എന്നാൽ പാർട്ടി അണികൾക്കിടയിൽ നിന്നു തന്നെ വിമർശനമുയർന്നതോടെയാണ് റവന്യു മന്ത്രിയെയും മുൻ മന്ത്രിയെയും കാനം വിളിച്ചുവരുത്തിയത്.
വി എസ് സർക്കാരിന്റെ കാലത്ത് വനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വവും എം എൻ സ്മാരകത്തിൽ എത്തിയിട്ടുണ്ട്. മരം മുറിയിലേക്ക് നയിച്ച ഉത്തരവും ഇതുസംബന്ധിച്ച വിവാദങ്ങൾ സംബന്ധിച്ചും കാനം ചോദിച്ചറിയും.