പാലക്കാട് ചെക്ക് പോസ്റ്റിൽ മൂന്നര കിലോ സ്വർണവും ആറ് ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ
പാലക്കാട് മീനാക്ഷിപുരത്ത് വൻ സ്വർണക്കടത്ത്. തമിഴ്‌നാട്ടിൽ നിന്ന് തൃശ്ശൂരിലേക്ക് കടത്തുകയായിരുന്ന മൂന്നരക്കിലോ സ്വർണവും ആറ് ലക്ഷം രൂപയും എക്‌സൈസ് സംഘം പിടികൂടി. ആലത്തൂർ സ്വദേശികളായ രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് വീട്ടിൽ കെ സതീഷ്, കെ കൃജേഷ് എന്നിവരാണ് പിടിയിലായത്. പൊള്ളാച്ചിൽ നിന്നും ടാക്‌സി കാറിലാണ് ഇവർ സ്വർണം കടത്തിയത്. ബാഗിനുള്ളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. സ്വർണ വ്യാപാരം നടത്തി തിരികെ വരികയാണെന്നായിരുന്നു ഇവർ പറഞ്ഞത്.
ഒരു കോടി 80 ലക്ഷം രൂപ വരുന്ന സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവ കസ്റ്റംസിന് കൈമാറും. ഇതിന് മുമ്പും ഇവർ രേഖകളില്ലാതെ സ്വർണം കടത്തിയിട്ടുണ്ടെന്ന് എക്‌സൈസ് സംഘം പറയുന്നു.