Wednesday, January 8, 2025
Kerala

പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; വനം വികസന കോർപ്പറേഷൻ ജീവനക്കാർക്ക് സസ്‌പെൻഷൻ

പൊന്നമ്പലമേട്ടിലെ അനധികൃത പൂജയിൽ വനം വികസന കോർപ്പറേഷൻ ജീവനക്കാർക്ക് സസ്‌പെൻഷൻ. സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവർക്കെതിരെയാണ് നടപടി. പൂജയ്ക്കെത്തിയവരെ പൊന്നമ്പലമേട്ടിൽ കയറാൻ സഹായിച്ചത് ഇവരാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഇരുവരെയും വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.

പൊന്നമ്പലമേട്ടിൽ അനധികൃതമായി കടന്നു കയറി പൂജ നടത്തിയ കേസിലാണ് പ്രതികൾക്ക് വനത്തിനുള്ളിൽ കടന്നുകയറാൻ സഹായം നൽകിയ വനം വികസന കോർപ്പറേഷൻ ജീവനക്കാരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. വനം വികസന കോർപ്പറേഷൻ സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ ,സാബു മാത്യു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പു ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

3000 രൂപ വാങ്ങിയാണ് പ്രതികൾ പൂജ നടത്തിയ നാരായണൻ നമ്പൂതിരിയെയും സംഘത്തെയും വനത്തിനുള്ളിലേക്ക് കൊണ്ടുപോയത് എന്നാണ് കണ്ടെത്തൽ . പ്രതികളെ പൊന്നമ്പലമേട്ടിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പും നടത്തി.ഇതിന് പിന്നാലെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറുടെ പരാതിയിൽ മൂഴിയാർ പോലീസും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കൽ, വിശ്വാസത്തെ അവഹേളിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കേസിൽ വനം വകുപ്പ് ഉൾപ്പെടുത്തിയ പ്രതികൾക്ക് പുറമേ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്ന സൂചനയും പോലീസ് നൽകിയിട്ടുണ്ട്.

പൊന്നമ്പലമേട്ടിൽ പൂജക്കെത്തിയ നാരായണൻ നമ്പൂതിരിയോട് അടുത്തദിവസം സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.അതേസമയം നേരത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ അനധികൃതമായി പലരെയും പൊന്നമ്പലമേട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട് എന്ന വിവരവും അന്വേഷണപരിധിയിൽ പെടുത്തണമോ എന്ന കാര്യവും പോലീസ് പരിഗണിക്കുന്നുണ്ട്.

പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു നടത്തിയിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പ്രതികളെ പൊന്നമ്പല മേട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നാരായണൻ നമ്പൂതിരിയെയും സംഘത്തെയും കൊണ്ടുപോയ വഴിയും പൂജ നടത്തിയ സ്ഥലവും ഉൾപ്പെടെ പ്രതികൾ വനപാലകർക്ക് കാണിച്ചുകൊടുത്തു. പ്രതികളെ ഇന്ന് പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

പൊന്നമ്പലമേട്ടിൽ തന്നെയാണ് പൂജ നടത്തിയതെന്ന് നാരായണൻ നമ്പൂതിരി പറഞ്ഞിരുന്നു. പൂജയ്ക്കായി പൊന്നമ്പലമേട്ടിൽ പോയിരുന്നു. ചെയ്തതിൽ തെറ്റില്ല. സാഹചര്യം ലഭിച്ചതു കൊണ്ട് പൂജ നടത്തിയതാണ്. അയ്യപ്പൻ തൻ്റെ ഉപാസനാമൂർത്തിയാണ്. അതുകൊണ്ടാണ് പൂജ നടത്തിയത്. അതിൽ കേസെടുക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

വനമേഖലയിൽ അതിക്രമിച്ചു കടക്കൽ നാരായണൻ നമ്പൂതിരിക്കെതിരെ കേസെടുത്തിരുന്നു. വനമേഖലയിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്. മൂന്നുവർഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്‌ഷൻ 27 (1) ഇ (4) എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവ.

Leave a Reply

Your email address will not be published. Required fields are marked *