Tuesday, January 7, 2025
Kerala

പണം വച്ചിരുന്നിട്ട് കൊടുക്കാതിരിക്കുന്നതല്ല, യൂണിയനുകൾ പ്രതിഷേധിക്കേണ്ട കാര്യമില്ല; ആന്റണി രാജു

കെ.എസ്.ആര്‍.ടി.സി ശമ്പളം വൈകുന്നു എന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ല. അഞ്ചാം തീയതിക്ക് മുമ്പ് ആദ്യ ഗഡു നൽകി. ധനവകുപ്പ് പണം അനുവദിച്ചാൽ ശമ്പളം നൽകും. യൂണിയനുകൾ പ്രതിഷേധിക്കേണ്ട കാര്യമില്ല. യഥാർഥ്യ ബോധത്തോടെ കാര്യങ്ങൾ ചിന്തിച്ചാൽ പ്രതിഷേധിക്കേണ്ടിവരില്ലെന്ന് അദ്ദേഹം പറഞ്ഞു. പണം വച്ചിരുന്നിട്ട് കൊടുക്കാതിരിക്കുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതിനിടെ കേന്ദ്രസർക്കാരിൻറെ സ്ക്രാപ്പിങ് പോളിസിക്കെതിരെയും മന്ത്രി ആൻറണി രാജു പ്രതികരിച്ചു. കേരളത്തിൽ ആയിരക്കണക്കിന് സർക്കാർ വാഹനങ്ങൾ ഒഴിവാക്കേണ്ട സ്ഥിതിയാണ്. എല്ലാ വകുപ്പുകളിലെയും ഒഴിവാക്കേണ്ട വാഹനങ്ങളുടെ കണക്കുകൾ എടുത്തു കൊണ്ടിരിക്കുകയാണ്. പുതിയ വാഹനങ്ങൾ വാങ്ങാൻ 800 കോടി രൂപയോളം അധിക ബാധ്യത വരും. കേന്ദ്രം കാര്യമായ സഹായം പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കെഎസ്ആർടി സി യൂണിയനുകളുടെ സമരത്തിനെതിരെയുള്ള ഗതാഗത മന്ത്രിയുടെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു രംഗത്തെത്തി. മന്ത്രിയുടേത് ഏറ്റവും മോശപ്പെട്ട നിലപാടാണെന്ന് KSRTEA ജനറൽ സെക്രട്ടറി എസ്.വിനോദ് പറഞ്ഞു. ഗഡുക്കളായി ശമ്പളം നൽകുന്നില്ലേ എന്നാണ് മന്ത്രി ചോദിക്കുന്നത്. ഇടതു മുന്നണിയുടെ ഭാഗമായി നിന്ന് ഗഡുക്കളായുള്ള ശമ്പളത്തെ യോഗ്യതയായി കാണരുത്. വരുമാനമുള്ള വ്യവസായത്തിൽ ഗഡുക്കളായി ശമ്പളം നൽകാനുള്ള മന്ത്രിയുടെ ശ്രമം അപലപനീയമാണ്. സർക്കാരിന്റെ ഭാഗമായി നിന്ന് സർക്കാരിനോട് മന്ത്രി വിലപേശുന്നുവെന്നും സിഐടിയു ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *