മുല്ലപ്പെരിയാർ: സർക്കാരും മുഖ്യമന്ത്രിയും ആരെയോ ഭയപ്പെടുന്ന പോലെ പെരുമാറുന്നുവെന്ന് വി ഡി സതീശൻ
മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയും സർക്കാരും ആരെയോ ഭയപ്പെടുന്ന പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മേൽനോട്ട സമിതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി ഒരാഴ്ചയായി മുല്ലപ്പെരിയാറിൽ നിന്ന് രാത്രികാലങ്ങളിൽ വെള്ളം ഒഴുക്കിവിട്ടു. പെരിയാർ തീരത്തെ ജനങ്ങൾ അങ്ങേയറ്റം ദയനീയമായ അവസ്ഥയിലാണ്. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ഇതേ കുറിച്ച് ഒന്ന് പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല
ആദ്യം വെള്ളം തുറന്നുവിട്ടപ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയാണ് നമ്മുടെ മുഖ്യമന്ത്രി ചെയ്തത്. ആ കത്ത് ചെന്നൈയിൽ കിട്ടിയോ ഇല്ലയോ എന്നറിയില്ല. അതി ദയനീയമാണ് മുല്ലപ്പെരിയാറിലെ സ്ഥിതി. രാത്രിയിൽ ഡാം തുറന്നാൽ പുലർച്ചെ രണ്ടര, മൂന്ന് മണിക്ക് പെരിയാർ തീരത്തുള്ളവരുടെ വീടുകളിൽ വെള്ളം കയറുകയാണ്. തുടർച്ചയായി ഇത് ആവർത്തിക്കുകയാണ്.
എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ സർക്കാർ നടപടിയെടുക്കാത്തത്. എന്തുകൊണ്ട് മേൽനോട്ട സമിതി കൂടുന്നില്ല. എന്തുകൊണ്ട് സുപ്രീം കോടതിയെ വിവരം അറിയിക്കുന്നില്ല. സർക്കാർ ആരെയോ ഭയപ്പെടുകയാണ്. ജനങ്ങൾ വീട്ടിൽ വെള്ളം കയറി ദുരിതം അനുഭവിക്കുന്ന സമയത്തെങ്കിലും മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.