Wednesday, April 16, 2025
World

സുഡാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

സുഡാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെയാണ് ആംബുലൻസ് എത്തിച്ച് മൃതദേഹം മാറ്റിയത്. 24 മണിക്കൂറിനു ശേഷമാണ് നടപടി. കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യ, മകൾ എന്നിവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു.

24 മണിക്കൂർ കഴിഞ്ഞിട്ടും ആൽബർട്ടിന്റെ മൃതദേഹം മാറ്റാൻ കഴിഞ്ഞിട്ടില്ല ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല വെളിപ്പെടുത്തിയിരുന്നു. താനും മകളും ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണെന്നും സൈബല്ല പറഞ്ഞു. ഇതിനു പിന്നാലെയാണ് എംബസിയുടെ ഇടപെടൽ. സുഡാനിൽ സൈനികരും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്.

കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്തഭടനുമായ ആൽബർട്ട് അഗസ്റ്റിനാണ് സുഡാനിൽ കൊല്ലപ്പെട്ടത്. തലസ്ഥാനമായ ഖാർത്തൂമിൽ ഫ്‌ലാറ്റിന്റെ ജനലരികിൽ നിന്ന് കാനഡയിൽ വിദ്യാർത്ഥിയായ മകനുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റതെന്ന് ഭാര്യ സൈബല്ല വീട്ടുകാരെ അറിയിച്ചു. രണ്ട് ആഴ്ച മുൻപാണ് ഭാര്യ സൈബല്ലയും 9ആം ക്ലാസ് വിദ്യാർത്ഥിനിയായ മകളും സുഡാനിലെത്തിയത്.

ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ആൽബർട്ട് അഗസ്റ്റിൻ 7 മാസം മുൻപാണ് സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ദാൽ ഗ്രാപ്പ് കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലിക്ക് ചേർന്നത്. അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം. മകന്റെ മൃതതേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് ആൽബർട്ടിന്റെ അച്ഛൻ അഗസ്റ്റിൻ കേന്ദ്ര സംസ്ഥാന സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്. സഹായം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *