ആക്രമിക്കാൻ ലക്ഷ്യമിട്ടത് സഹോദരനെ’; അഭിമന്യു വധക്കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ആലപ്പുഴ വള്ളികുന്നത്ത് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്, ജിഷ്ണു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
അഭിമന്യുവിന്റെ സഹോദരൻ അനന്ദുവിനെ ലക്ഷ്യംവച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പ്രതി പൊലീസിൽ മൊഴി നൽകി. അനന്ദുവിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പ്രതി സമ്മതിച്ചു. അതേസമയം, കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് വിവരമുണ്ട്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ ആകെ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന.