Tuesday, January 7, 2025
Kerala

ജനകീയ മുന്നേറ്റമുണ്ടായപ്പോൾ ഗവർണറുടെ വായ്ത്താരികൾ തകർന്നു വീണു; പരിഹാസവുമായി എം.വി ഗോവിന്ദൻ

ജനകീയ മുന്നേറ്റത്തിന് മുന്നിൽ ഗവർണറുടെ വായ്ത്താരികൾ തകർന്നു വീണുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സമര മുന്നേറ്റത്തിന് ശേഷം ഗവർണർക്ക് പഴയ ഊർജമില്ലാത്ത അവസ്ഥയാണ്. ജനാധിപത്യ, ഭരണഘടനാവിരുദ്ധമായ നിലപാടിനെ നാട് അംഗീകരിക്കില്ല. ഗവർണുടെ നിലപാടിനെച്ചൊല്ലി യുഡിഎഫിൽ ഭിന്നതയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗും ആർഎസ്പിയും ഗവർണർക്കെതിരെ നിശിതമായ നിലപാട് സ്വീകരിച്ചു. എന്നാൽ കോൺഗ്രസ് ഗവർണർക്ക് ഒപ്പം നിൽക്കുകയാണ് ചെയ്തത്. ഇതിന് കാരണം അന്ധമായ ഇടത് വിരോധമാണ്. ദേശീയപാതാ വികസനം വേണ്ടെന്ന് പറഞ്ഞവരാണ് യുഡിഎഫ്. ദേശീയപാതയുടെ ഫയൽ മടക്കിയവരാണ് ഉമ്മൻ ചാണ്ടി സർക്കാർ. അതേസമയം, ഇടത് സർക്കാർ ഇക്കാര്യത്തിൽ വികസനോന്മുക നിലപാടാണ് സ്വീകരിച്ചത്.

കെ റെയിൽ അകാശത്ത് നിന്ന് വന്ന പദ്ധതിയല്ലെന്ന് മനസിലാക്കണം. കേന്ദ്ര നിർദേശത്തിൻ്റെ ഭാഗമായാണ് പദ്ധതി വരുന്നത്. ജനസാന്ദ്രത കൂടിയ, വാഹനപ്പെരുപ്പമുള്ള സംസ്ഥാനത്തിന് ഗുണകരമായ പദ്ധതിയാണിത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ആയിരക്കണക്കിന് വാഹനങ്ങളെ റോഡിൽ നിന്ന് പിൻവലിക്കാനാകും. ലക്ഷക്കണക്കിന് യാത്രക്കാർക്ക് മികച്ച യാത്രാ സൗകര്യം ലഭിക്കുകയും ചെയ്യും.

കെ റെയിലിനായി മെച്ചപ്പെട്ട നിരക്കിൽ ജപ്പാൻ ബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ബാങ്കുകളിൽ നിന്ന് കടം ലഭിക്കും. ലാഭകരമായി നടത്തി മുന്നോട്ട് പോകാനാവും. ദേശീയ പാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ പകുതി മതി ഈ പദ്ധതിക്ക്. 50 വർഷത്തിനപ്പുറമുള്ള സംസ്ഥാനത്തിൻ്റെ വികസന നേട്ടം ലക്ഷ്യമിടുന്ന പദ്ധതിയാണ് കെ റെയിലെന്നും കോൺഗ്രസും ബിജെപിയും പദ്ധതിയെ തകർക്കാൻ ഒന്നിച്ചു നിൽക്കുകയാണെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *