കോവിഡ് രണ്ടാം ഡോസിന് 84 ദിവസം ഇടവേള; വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര സർക്കാർ
കൊച്ചി: കോവിഡ് രണ്ടാം ഡോസിന് 84 ദിവസം ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ തെളിവുകളുടേയും വിദഗ്ധ സമിതിയുടെയും ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിദേശത്ത് ജോലിക്കും പഠന ത്തിനുമായി പോകുന്നവർക്കും ആരോഗ്യ പ്രവർത്തകർക്കും ഇളവ് നൽകിയത് നിവേദനങ്ങൾ കണക്കിലെടുത്ത് വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരമാണെന്നും ഇതിനായി ഉത്തരവ് പുറപ്പെടുവച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ജീവനക്കാർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കിറ്റക്സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. 84 ദിവസത്തെ നിബന്ധന ഇളവു ചെയ്യുന്നതിൽ വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. വാക്സിൻ വാങ്ങി വച്ചിട്ട് ഇഷ്ടം പോലെ ഉപയോഗിക്കാനാണ് കമ്പനിയുടെ ശ്രമമെന്നും വാക്സിൻ നേരത്തെ വേണമെന്ന് ഒരു ജീവനക്കാരനും ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം ആരോപിച്ചു.
ജീവനക്കാർ നിവേദനം നൽകേണ്ട ആവശ്യമില്ലെന്ന് കോടതി പരാമർശിച്ചു. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. പന്തീരായിരം ജീവനക്കാർക്ക് കമ്പനി ചെലവിൽ ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും രണ്ടാം ഡോസ് നൽകാൻ ആരോഗ്യ വകുപ്പ് അനുമതി നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കിറ്റക്സിന്റെ ഹർജി.