Thursday, January 23, 2025
Kerala

സിപിഐഎം ക്വട്ടേഷന്‍ സംഘങ്ങളെ ഉത്പാദിപ്പിക്കുന്ന കമ്പനി; ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് ചെന്നിത്തല

ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഷുഹൈബ് രക്തസാക്ഷിത്വത്തിന്റെ നാലാം വാര്‍ഷികമാഘോഷിക്കുന്നതിനിടയിലാണ് കൊലപാതക രഹസ്യങ്ങള്‍ മറനീക്കി പുറത്തുവരുന്നത്. ക്വട്ടേഷന്‍ സംഘങ്ങള്‍ അഴിഞ്ഞാടുന്നതിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘കൊന്നവരും, കൊല്ലിച്ചവരും വഴിപിരിയുന്ന സമയത്തും ഒരു കുടുംബത്തിന്റെ തോരാത്ത കണ്ണീരിനു പരിഹാരമുണ്ടായിട്ടില്ല. മകനെയോര്‍ത്ത് തേങ്ങുന്ന മാതാപിതാക്കളും കുഞ്ഞനുജത്തിമാരും നീതി തേടി അലയുകയാണ്… കൊലപാതകത്തിന് മുമ്പ് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ വന്നതോടെ നിലനില്‍പ്പിനായി സ്വയം സംഘടിക്കുന്ന ക്വൊട്ടേഷന്‍ സംഘങ്ങള്‍ തുടര്‍ച്ചയായി അഴിഞ്ഞാടുന്നതിന്റെ ഉത്തരവാദിത്തം സി.പി.എം നേതൃത്വത്തിനാണ്.

ക്വട്ടേഷന്‍ സംഘങ്ങളെ ഉല്‍പാദിപ്പിക്കുന്ന കമ്പനിയായി സി.പി.എം. മാറിക്കഴിഞ്ഞു. കൃത്യം ചെയ്തവര്‍ കുറ്റം ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ കൊലയ്ക്ക് പ്രേരണ നല്‍കിയവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. പാര്‍ട്ടി സഖാക്കള്‍ക്ക് അഴിമതി നടത്താനും വന്‍ വെട്ടിപ്പു നടത്താനും മാത്രമല്ല കൊലക്കേസ് പ്രതികള്‍ക്ക് ജോലി നല്‍കി സുരക്ഷയ്ക്കുള്ള താവളമായും സഹകരണബാങ്കുകളെ സി.പി.എം മാറ്റുന്നു. ഇതിന്റെയൊക്കെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഗുഢസംഘത്തെ പൊതു സമൂഹത്തിനുമുന്നില്‍ തുറന്നു കാട്ടണം. അതിനു വേണ്ടത് നിയമനടപടിയാണ്. അങ്ങനെ സത്യസന്ധമായ ഒരു അന്വേഷണത്തിലൂടെ യഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അതേസമയം സാമൂഹികമാധ്യമങ്ങളില്‍ പോര് തുടരുകയാണ് ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും. കൊലപാതകത്തെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി ഫേസ്ബുക്കില്‍ കമന്റിട്ടു. കൊല്ലാന്‍ തോന്നിയാല്‍ കൊല്ലുമെന്നാണ് ജിജോ തില്ലങ്കേരിയുടെ കമന്റ്.

സിപിഐഎം പല തവണ ആകാശ് തില്ലങ്കേരിയേയും ഗ്യാങിനേയും ഔദ്യോഗികമായി തള്ളിപ്പറഞ്ഞെങ്കിലും രഹസ്യമായി സൈബര്‍ ഇടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആകാശിനും സുഹൃത്തുക്കള്‍ക്കും പിന്തുണ നല്‍കി വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മട്ടന്നൂര്‍, തില്ലങ്കേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്ഐ നേതാവായ അനൂപ്, ഭാര്യ ശ്രീലക്ഷ്മി, മറ്റ് നേതാക്കളായ രാകേന്ദ്, മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് മുതലായവര്‍ ആകാശ് തില്ലങ്കേരിയെ ഒറ്റപ്പെടുത്തണം എന്ന തരത്തില്‍ പോസ്റ്റുകളിടുകയും അത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തു. ഇതിന് മറുപടിയായാണ് ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും കൊലവിളിയും അധിക്ഷേപവും നിറഞ്ഞ കമന്റുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. പാര്‍ട്ടി നിര്‍ദേശിച്ചിട്ടാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് ആകാശ് തില്ലങ്കേരി കമന്റുകളിലൂടെ പരോക്ഷമായി പറഞ്ഞതിന് പിന്നാലെയാണ് കൊല്ലാന്‍ തോന്നിയാല്‍ കൊല്ലുമെന്ന് സുഹൃത്ത് ജിജോ തില്ലങ്കേരി കമന്റിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *