Saturday, October 19, 2024
Kerala

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതി; ആകാശ് തില്ലങ്കേരിക്കെതിരായ കേസിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

സത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം. മുഴക്കുന്ന സിഐയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് അന്വേഷണം.

വനിതാ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തെങ്കിലും ആകാശിനെ പിടികൂടാനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിക്കായി കൊലപാതകം നടത്തിയെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റിലൂടെയുള്ള വെളിപ്പെടുത്തലിന് പിപിന്നാലെയാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസും. സമൂഹമാധ്യമങ്ങള്‍ വഴി ആകാശ് അപമാനിച്ചെന്ന് ഡിവൈഎഫ്‌ഐ വനിതാ നേതാവ് നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഡിവൈഎഫ്ഐ ഇത് ചര്‍ച്ച ചെയ്യുകയും ചെയ്തു. പിന്നാലെയാണ് പൊലീസിന് പരാതി നല്‍കിയത്.വനിതാ നേതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും സാമൂഹികമാധ്യമങ്ങളില്‍ പോര് തുടരുകയാണ്. കൊലപാതകത്തെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി ഫേസ്ബുക്കില്‍ കമന്റിടുകയും ചെയ്തു. കൊല്ലാന്‍ തോന്നിയാല്‍ കൊല്ലുമെന്നായിരുന്നു ജിജോ തില്ലങ്കേരിയുടെ കമന്റ്. സിപിഐഎം പല തവണ ആകാശ് തില്ലങ്കേരിയേയും ഗ്യാങിനേയും ഔദ്യോഗികമായി തള്ളിപ്പറഞ്ഞെങ്കിലും രഹസ്യമായി സൈബര്‍ ഇടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആകാശിനും സുഹൃത്തുക്കള്‍ക്കും പിന്തുണ നല്‍കി വന്നിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മട്ടന്നൂര്‍, തില്ലങ്കേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്ഐ നേതാവായ അനൂപ്, ഭാര്യ ശ്രീലക്ഷ്മി, മറ്റ് നേതാക്കളായ രാകേന്ദ്, മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് മുതലായവര്‍ ആകാശ് തില്ലങ്കേരിയെ ഒറ്റപ്പെടുത്തണം എന്ന തരത്തില്‍ പോസ്റ്റുകളിടുകയും അത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തു. ഇതിന് മറുപടിയായാണ് ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും കൊലവിളിയും അധിക്ഷേപവും നിറഞ്ഞ കമന്റുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. പാര്‍ട്ടി നിര്‍ദേശിച്ചിട്ടാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് ആകാശ് തില്ലങ്കേരി കമന്റുകളിലൂടെ പരോക്ഷമായി പറഞ്ഞതിന് പിന്നാലെയാണ് കൊല്ലാന്‍ തോന്നിയാല്‍ കൊല്ലുമെന്ന് സുഹൃത്ത് ജിജോ തില്ലങ്കേരി കമന്റിടുന്നത്.

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഷുഹൈബ് വധത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്നായിരുന്നു സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രതികരണം. ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സമൂഹത്തിന് അപമാനമാണെന്നും എം വി ജയരാജന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published.