Tuesday, January 7, 2025
Kerala

ഹൈക്കോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടില്ല; ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കൊച്ചിയുടെ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ഹൈക്കോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റുന്നില്ല എന്ന വ്യക്തമാക്കി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഹൈക്കോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് റിപോർട്ടുകൾ വന്നിരുന്നു. എന്നാൽ ആ വാർത്തകൾ നിഷേധിച്ച് ചീഫ് ജസ്റ്റിസ് തന്നെ രംഗത്ത് വന്നിട്ടുണ്ട്. കോടതി സമുച്ചയം മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം എടുത്തിട്ടില്ല എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ സ്ഥല പരിമിതി മൂലം കോടതി വികസനത്തിന് വേണ്ടി അധിക ഭൂമി ആവശ്യപ്പെട്ടിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ കേരളാ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ സ്ഥലപരിമിതിയാണ് കെട്ടിടം മാറ്റി സ്ഥാപിക്കാനുള്ള തീരുമാനങ്ങൾക്ക് പുറകിൽ എന്ന് റിപ്പോർട്ടുകൾ ഉയർന്നിരുന്നു. കൂടാതെ കൊച്ചിയിലെ ഗതാഗതക്കുരുക്കും ഹൈക്കോടതിക്ക് സമീപം പാർക്കിങ്ങിനുള്ള അസൗകര്യവും കൂടി ഈ നീക്കത്തിന് പുറകിലുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. തുടർന്ന് സർക്കാർ പുതിയ ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കളമശ്ശേരിയിൽ എച്ച്എംടിക്ക് കീഴിലുള്ള സ്ഥലമാണ് സർക്കാർ പുതിയ കെട്ടിടത്തിനായി പരിഗണിച്ചത്.

കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന് വേണ്ടി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി വി.പി ജോയി, നിയമ വകുപ്പ് സെക്രട്ടറി വി.ഹരിനായര്‍, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ഹൈക്കോടതി ജനറല്‍ രജിസ്ട്രാര്‍ പി.കൃഷ്ണകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ജെസി ജോണ്‍, കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ് എന്നിവരടങ്ങുന്ന സംഘം കളമശ്ശേരിയിൽ എച്ച്എംടിക്ക് സമീപമുള്ള ഭൂമി സന്ദർശിച്ചിരുന്നു. 27 ഏക്കർ വരുന്ന ഈ സ്ഥലമാണ് പുതിയ കെട്ടിടം നിർമിക്കുന്നതിനായി സർക്കാർ പരിഗണിച്ചത്. എന്നാൽ ഈ നീക്കങ്ങൾക്ക് തടയിട്ടാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് തന്നെ രംഗത്ത് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *