കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; 16 ലക്ഷം രൂപ പിടികൂടി
കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ എ എം ഹാരിസിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന. ആലുവയിലെ വീട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടികൂടി. ബാസ്‌കറ്റുകളില്‍ 50,000 രൂപ വീതം കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പണം. ഇയാള്‍ താമസിക്കുന്ന ഫ്‌ളാറ്റിന് 80 ലക്ഷം രൂപ വിലമതിക്കും. ബേങ്ക് അക്കൗണ്ടില്‍ 20 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. തിരുവനന്തപുരത്ത് 2000 സ്‌ക്വയര്‍ ഫീറ്റ് വീടും പന്തളത്ത് 33 സെന്റ് സ്ഥലവും ഹാരിസിനുണ്ട്. ടയര്‍ അനുബന്ധ സ്ഥാപനത്തിലെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് 25,000 രൂപ കൈക്കൂലി വാങ്ങിയത്. ഹാരിസിനെതിരെ മുമ്പും കൈക്കൂലി കേസുകളുണ്ടെന്നാണ് വിവരം.