രാത്രിയും പോസ്റ്റുമോർട്ടം നടത്തണം; മെഡിക്കൽ കോളജുകളിൽ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി
ഇനി മുതൽ മെഡിക്കൽ കോളജുകളിൽ രാത്രി സമയത്തും പോസ്റ്റുമോർട്ടം നടത്താൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ആറ് മാസത്തിനുള്ളിൽ കേരളത്തിലെ അഞ്ച് മെഡിക്കൽ കോളജുകളിൽ ഇതിനാവശ്യമായ സൗകര്യമൊരുക്കണം. ആറ് കൊല്ലം മുമ്പ് ഇതിനായി ഉത്തരവിറക്കിയിട്ടും സർക്കാർ സൗകര്യങ്ങളൊരുക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്നായിരുന്നു കോടതിയുടെ പരാമർശം
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ രാത്രി പോസ്റ്റുമോർട്ടത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാതിരിക്കരുത്. രാത്രി പോസ്റ്റുമോർട്ടം ഒഴിവാക്കുന്നതിന് ഫോറൻസിക് സർജൻമാർ മുന്നോട്ടുവെച്ച കാരണങ്ങൾ സ്വീകാര്യമല്ല. സർക്കാരിന്റെ സാമ്പത്തിക പരിമിതികൾ കൂടി കണക്കിലെടുത്ത് ഫോറൻസിക് സർജൻമാർ സഹകരിക്കണം.
മൃതദേഹങ്ങളോട് അവഗണന വേണ്ട. അസ്വാഭാവിക മരണങ്ങളിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകണം. വീട്ടിലെത്തിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കണം. മരിച്ചയാളുടെ ബന്ധുക്കൾക്ക് മൃതദേഹത്തിനായി ആശുപത്രിയും പോലീസ് സ്‌റ്റേഷനും കയറി ഇറങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് സമയപരിധി നിശ്ചയിക്കണം. ഇത് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.