13 ദിവസം കൊണ്ട് പാക്കിസ്ഥാൻ മുട്ടുകുത്തി; 1971ലെ യുദ്ധ വിജയ സ്മരണയിൽ രാജ്യം
1971 ലെ യുദ്ധവിജയത്തിന്റെ ഓർമ പുതുക്കി രാജ്യം. പാക്കിസ്ഥാൻ അധിനിവേശത്തിൽ നിന്നും ബംഗ്ലാദേശിനെ മോചിപ്പിച്ചതിന്റെ അമ്പതാം വാർഷികമായ ഇന്ന് വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരമർപ്പിച്ചു.
ഡൽഹിയിലെ വാർ മെമ്മോറിയലിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സേനാ തലവൻമാരും പങ്കെടുത്തു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നടക്കുന്ന പരിപാടികളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മുഖ്യാതിഥി.
വെറും 13 ദിവസം കൊണ്ടാണ് ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കിയത്. 93,000 പാക് സൈനികരും പാക് സൈനിക മേധാവിയും ഒടുവിൽ ഇന്ത്യക്ക് മുന്നിൽ ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു. ഇതോടെ ബംഗ്ലാദേശിനെ ഇന്ത്യ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു.