Sunday, December 29, 2024
Kerala

നിപ വ്യാപനം; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു

നിപ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു. തിങ്കളാഴ്ച മുതൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അംഗൻവാടി, മദ്രസ എന്നിവയ്ക്കും അവധി ബാധകമാണ്. പൊതു പരീക്ഷകൾ മാറ്റമില്ലാതെ തുടരും. ട്യൂഷൻ സെൻ്റർ, കോച്ചിംഗ് സെൻ്റർ എന്നിവയ്കും അവധി ബാധകം

നിപ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.

നിപ കൂടുതൽ പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവായി. രോഗികളുടെ നില തൃപ്തികരമാണ്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ നിലയിൽ പുരോഗതിയുണ്ട്. ആദ്യം മരിച്ച വ്യക്തിയുടെ സോഴ്സ് ഐഡന്റിഫിക്കേഷൻ നടക്കുന്നു. 19 ടീമുകളുടെ മീറ്റിംഗ് ചേർന്നുവെന്നും കൂടുതൽ ആംബുലൻസുകൾ ഏർപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

ഹൈ റിസ്കിൽ ഉള്ളവരുടെ സാമ്പിൾ കളക്ഷൻ ഇന്ന് തന്നെ പൂർത്തിയാകും. കൂടുതൽ സാമ്പിളുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.മോണോ ക്ലോണൽ ആന്റി ബോഡി എത്തിച്ചിട്ടുണ്ട്.
അത് നൽക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. നിലവിൽ അത് നൽകേണ്ടതില്ലെന്നാണ് വിദഗ്ധർ പറഞ്ഞത്. ഫലം പോസിറ്റീവായവരിൽ രണ്ട് പേർക്ക് നിലവിൽ ലക്ഷണങ്ങൾ ഇല്ല. അതേസമയം നിപ ആദ്യം റിപ്പോർട്ട്‌ ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *