നിപ; കോഴിക്കോട് ബേപ്പൂർ ഹാർബറിൽ കർശന നിയന്ത്രണം
നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ബേപ്പൂർ ഹാർബറിൽ കർശന നിയന്ത്രണം. ബോട്ട് അടുപ്പിക്കുന്നതും മത്സ്യ വിൽപ്പന നടത്തുന്നതും ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ നിർത്തിവെക്കാൻ നിർദേശം. ചെറുവണ്ണൂർ സ്വദേശിക്ക് രോഗം സ്ഥിരികരിച്ചതിന് പിന്നാലെയാണ് ബേപ്പൂർ ഹാർബറിൽ നിയന്ത്രണം കർശനമാക്കിയത്.
ബേപ്പൂർ ഹാർബറിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ വെള്ളയിൽ ഹാർബറിലൊ പുതിയാപ്പ ഫിഷ് ലാൻഡിംഗ് സെൻ്ററിലൊ അടുപ്പിക്കാനാണ് നിർദേശം. വെള്ളയിൽ ഹാർബറിൽ മത്സ്യ കച്ചവടത്തിനും വിലക്ക് ഏർപ്പെടുത്തിയുണ്ട്. കോഴിക്കോട് കോർപറേഷനിലെ 7 വാർഡുകളും ഫറോഖ് മുൻസിപാലിറ്റിയും പൂർണ്ണമായും കൺടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം നിപ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു. തിങ്കളാഴ്ച മുതൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അംഗൻവാടി, മദ്രസ എന്നിവയ്ക്കും അവധി ബാധകമാണ്.
നിപ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.