റഷ്യൻ മിസൈലാക്രമണത്തിൽ യുക്രൈനിൽ ഡാം തകർന്നു; നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ
തെക്കൻ യുക്രൈനിൽ റഷ്യൻ മിസൈലാക്രമണത്തിൽ കറാച്ചുനിവ്‌സ്‌കെ ഡാം തകർന്ന് നിരവധി പ്രദേശത്ത് വെള്ളം കയറി. ക്രൈവി റിഹിലെ ഡാമാണ് റഷ്യ മിസൈൽ ആക്രമണത്തിൽ തകർത്തത്.
ഡാമിന് നേരെ എട്ട് തവണയാണ് മിസൈലാക്രമണം ഉണ്ടായത്. യുക്രൈൻ സേനയുടെ പ്രത്യാക്രമണത്തിനെതിരെ റഷ്യ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണിതെന്ന് പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി ആരോപിച്ചു.
സെലൻസ്കി ജനിച്ചുവളർന്ന നഗരത്തിലെ ഡാമിലാണ് റഷ്യ മിസൈലാക്രമണം നടത്തിയത്. ഡാം തകർന്നതിനെ തുടർന്ന് ഇവിടുത്തെ 112 വീടുകളിൽ വെള്ളം കയറി. വെള്ളം അനിയന്ത്രിതമായി ഒഴുകിയതോടെ, രണ്ട് ജില്ലകളിലെ താമസക്കാരോട് മാറിത്താമസിക്കാനും നിർദേശം നൽകി.
സംഭവത്തെ തുടർന്ന് തെക്കൻ യുക്രൈനിലെ ജലവിതരണം തടസപ്പെട്ടു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സിറ്റി ഹെഡ് ഒലെക്‌സാണ്ടർ വിൽകുൽ പറഞ്ഞു. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും വിൽകുൽ പറഞ്ഞു. അതേസമയം റഷ്യ വിഷയത്തിൽ മൗനം തുടരുകയാണ്.