കർണാടക സർക്കാർ ആശുപത്രിയിൽ വൈദ്യുതി തകരാർ; മൂന്ന് രോഗികൾ മരിച്ചു
വൈദ്യുതി നിലച്ച സമയത്ത് വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (വിംസ്) വെന്റിലേറ്ററിലായിരുന്നു മൗല ഹുസൈൻ (35), ചേട്ടമ്മ (30), മനോജ് (18) എന്നിവർ. ഹുസൈന്റെയും ചേട്ടമ്മയുടെയും മരണം ബുധനാഴ്ച വൈകുന്നേരവും മനോജിന്റെ മരണം വ്യാഴാഴ്ചയുമാണ് സ്ഥിരീകരിച്ചത്. മരണവിവരം ആശുപത്രി അധികൃതർ ഉടൻ വീട്ടുകാരെ അറിയിച്ചില്ലെന്ന് മനോജിന്റെ സഹോദരൻ നരേഷ് ആരോപിച്ചു.
എന്നാൽ പവർ കട്ടുമായി മരണത്തെ ബന്ധപ്പെടുത്താൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്ന് പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിടുകയും ചെയ്തു.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഞായറാഴ്ചയാണ് ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാമ്പ് കടിയേറ്റ ചേട്ടമ്മയേയും തേൾ കടിച്ചെന്ന് കരുതുന്ന മനോജിനെയും ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.