താന്‍ റബ്ബര്‍ സ്റ്റാമ്പല്ല’; വിസി നിയമനത്തില്‍ ഒരു ബില്ലും കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍
സര്‍വകലാശാല നിയമനങ്ങളില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല സ്വയംഭരണ അധികാരത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വിസി നിയമന ഭേദഗതിയില്‍ ഒപ്പിടുമോ എന്ന ചോദ്യത്തിന് താന്‍ ഒരു ബില്ലും കണ്ടിട്ടില്ലെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
രാജ്ഭവനില്‍ ബില്ലുകള്‍ എത്തിയോ എന്ന് തനിക്കറിയില്ലെന്നും ബില്ലുകളെ കുറിച്ച് വായിച്ചറിവ് മാത്രമേ ഉള്ളൂ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. താനൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്ന് ഗവര്‍ണര്‍ ആഞ്ഞടിച്ചു.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തില്‍ വീണ്ടും ഗവര്‍ണറുടെ പ്രതികരണം. വൈസ് ചാന്‍സലറിനെ പുനര്‍നിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ടാണെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.
എന്ത് ബില്ല് പാസാക്കിയാലും രാഷ്ട്രീയ നിയമനം അംഗീകരിക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല ഭേദഗതി ബില്ലില്‍ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലകളുടെ സ്വതന്ത്ര അധികാരം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.