എല്ലാവരേയും പോയി തോണ്ടിയിട്ട് ഒന്ന് തിരിച്ചുകിട്ടുമ്പോള്‍ മോങ്ങുന്ന കുട്ടിയെപ്പോലെ’; പ്രതിപക്ഷനേതാവിനെതിരെ മന്ത്രി റിയാസ്
പ്രതിപക്ഷനേതാവ് വി ഡി സതീശനുനേരെ പരിഹാസവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്ലാവരേയും പോയി തോണ്ടിയിട്ട് ഒരിക്കല്‍ തിരിച്ചുകിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്ന കുട്ടിയെപ്പോലെയാണ് പ്രതിപക്ഷ നേതാവെന്ന് മന്ത്രി പറഞ്ഞു. ലഭിച്ച മറുപടിയുടെ ഹാങ് ഓവര്‍ വി ഡി സതീശന് വിട്ടുമാറിയിട്ടില്ല. പ്രതിപക്ഷനേതാവ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ക്രിയാത്മകമായി വേണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുവരുന്ന വിഷയങ്ങളെ തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് ആ സമീപനം തിരുത്തണമെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാരെന്ന് മനസിലാക്കണം. കുതിര കയറരുത്. ക്രിയാത്മക വിമര്‍ശനം ആര് ഉന്നയിച്ചാലും സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ചെറുപ്പത്തില്‍ എനിക്ക് വികൃതിയായ ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. അവന്‍ എല്ലാദിവസവും എല്ലാവരേയും തോണ്ടും. ഉപദ്രവിക്കും. ഒരുദിവസം ഒരു കുട്ടി അവനെ തിരിച്ച് ആക്രമിച്ചു. തിരിച്ചുകിട്ടിയതോടെ ഇവന്‍ വലിയ കരച്ചിലായിരുന്നു. ടീച്ചറോട് പറഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു. മോനേ, എല്ലാവരേയും നീ ആക്രമിക്കുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍മിക്കണം. ഇത് ആ സ്പിരിറ്റില്‍ എടുക്കണം എന്ന്. പ്രതിപക്ഷനേതാവിന്റെ പ്രസ്താവനകളില്‍ എനിക്ക് ആ വികൃതിയായ കുട്ടിയെ കാണാന്‍ സാധിക്കുന്നുണ്ട്. മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തിലെ മന്ത്രിമാര്‍ക്ക് പരിചയക്കുറവാണെന്ന പ്രതിപക്ഷനേതാവിന്റെ വിമര്‍ശനത്തോടും മന്ത്രി പ്രതികരിച്ചു. പ്രതിപക്ഷനേതാവ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹം പറയുന്നത് 21 വര്‍ഷക്കാലം എംഎല്‍എ ആയി ഇരുന്ന അനുഭവം തനിക്കുണ്ട്, തന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്നാണ്. 21 വര്‍ഷം കൊണ്ട് ഒന്നും പഠിക്കേണ്ടാത്ത വിധത്തില്‍ ഒരു നേതാവ് സമ്പൂര്‍ണനാകുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമുള്ള പരിചയ സമ്പത്ത് തനിക്കില്ലാത്തത് സതീശനെ അലട്ടുന്നുണ്ടാകാം. ആ പ്രശ്‌നം മറ്റുള്ളവരുടെ തലയില്‍ വക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു