തൃശൂരില്‍ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന വിഡിയോ
തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി ദൃശ്യം പുറത്ത്. ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലന സമയത്തേതാണ് ദൃശ്യം. പാറന്നൂര്‍ നന്ദന്‍ എന്ന ആനയാണ് ഞെട്ടി ഉണര്‍ന്ന് ചിന്നം വിളിച്ചത് ദൃശ്യങ്ങളിലുള്ളത്.
തൃശൂരും പാലക്കാടുമാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനമുണ്ടായത്. തൃശൂരിലെ വടക്കന്‍ മേഖലകളിലാണ് നേരിയ ഭൂചനം അനുഭവപ്പെട്ടത്. കുന്നംകുളം, ചൂണ്ടല്‍ വരവൂര്‍, എരുമപ്പെട്ടി എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടയത്. ഇന്നലെയും ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലര്‍ച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. തൃശൂര്‍ നഗരത്തിലും അത്താണിയിലും ഭൂമികുലുങ്ങി.
പാലക്കാട് ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടു. ആനക്കര, കപ്പൂര്‍, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ വിവിധ ഇടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ഓങ്ങല്ലൂര്‍ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. ഏതാനും സെക്കന്റുകള്‍ മാത്രമാണ് ഭൂചലനമുണ്ടായതത്. വലിയ മുഴക്കവും പ്രകമ്പനവും ഉണ്ടായി. നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല.
ഇന്നലെ രാവിലെ 8:15നാണ് ശക്തമായ പ്രകമ്പനത്തോടൊപ്പം ഭൂമി കുലുങ്ങുന്നതായി അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെയാണ് പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടത്. വീടുകളില്‍ അടുക്കളയില്‍ ഇരുന്ന പാത്രങ്ങളും വീട്ടുപകരണങ്ങളും ഉള്‍പ്പെടെ ചലിച്ച് താഴെ വീണു. വിവിധ ഇടങ്ങളില്‍ പരിഭ്രാന്തരായ ആളുകള്‍ വീടിനു പുറത്തേക്ക് ഓടിയിരുന്നു.