ആക്രി ശേഖരിക്കുന്നതിനിടെ റെയിൽവേ കേബിൾ മുറിച്ചു കടത്താൻ ശ്രമം; ഒരു സ്ത്രീ അറസ്റ്റിൽ
കണ്ണൂർ തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം സിഗ്നൽ കേബിൾ മുറിച്ചു നീക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. തമിഴ്നാട് വില്ലുപുരം സ്വദേശിനി ചിന്ന പൊന്നുവാണ് അറസ്റ്റിലായത്. ആക്രി ശേഖരിക്കുന്നതിനിടെയാണ് കേബിൾ മുറിച്ച് കടത്താൻ ശ്രമിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇൻസുലേഷൻ ഭാഗം മുറിച്ചപ്പോൾ ചെറിയ ഷോക്ക് അനുഭവപ്പെട്ടതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ സിഗ്നൽ സംവിധാനത്തിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടൻ പരിശോധന നടത്തിയതോടെയാണ് സംഭവം അറിയുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണശ്രമം അറിയുന്നത്. മോഷ്ടിച്ചു വിൽപ്പന നടത്തുകയായിരുന്നു ഉദ്ദേശമെന്നാണ് കണ്ടത്തൽ. ഇവർക്കൊപ്പം ഉണ്ടായിരുന്ന ചിന്നസേലം സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു. സിഗ്നൽ മെയിൻറനൻസ് വിഭാഗം ഉദ്യോഗസ്ഥർ കേബിളിലെ തകരാറുകൾ പരിഹരിച്ചു.