ശത്രുരാജ്യത്തോട് ഇടപാട് നടത്താൻ എങ്ങനെ സാധിക്കുന്നു? കെ-ഫോണിന് ചൈനയിൽ നിന്ന് കേബിൾ വാങ്ങിയതിനെതിരെ കേന്ദ്രമന്ത്രി
കെ ഫോൺ പദ്ധതിക്കായി കേബിളുകൾ വാങ്ങിയതിനെതിരെ വിമർശനം തുടർന്ന് കേന്ദ്രം. കെ ഫോണിനായി ചൈനയിൽ നിന്ന് കേബിളുകൾ വാങ്ങിയതിനെതിരെ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ കുറ്റപ്പെടുത്തലുമായി രംഗത്തെത്തി. ശത്രുരാജ്യത്തോട് ഇടപാട് നടത്താൻ കേരള സർക്കാരിന് എങ്ങനെ സാധിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.
സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കെ-ഫോൺ പദ്ധതിക്ക് എതിരെ രൂക്ഷ വിമർശനമാണ് കേന്ദ്രം ഉന്നയിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ കേബിൾ ഇന്ത്യയിൽ ലഭ്യമാണെന്നിരിക്കെ ചൈനയിൽ നിന്ന് വാങ്ങിയത് മാർഗ നിർദേശങ്ങളുടെ ലംഘനമാണെന്ന് കേന്ദ്ര ഐടി സഹ മന്ത്രി രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു. കേബിൾ ചൈനീസ് ഉത്പന്നമാണെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി പരിഹസിച്ചുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കുറ്റപ്പെടുത്തൽ. പദ്ധതിക്ക് ചൈനയിൽ നിന്ന് വില കുറഞ്ഞ കേബിൾ വാങ്ങിയതിൻ്റെ കൂടുതൽ തെളിവുകളാണ് പുറത്തു വരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ടെൻഡർ വ്യവസ്ഥ ലംഘിച്ച് ചൈനീസ് കേബിൾ വാങ്ങി എന്ന ആരോപണം തെറ്റെന്നാണ് കെ ഫോണിന്റെ വിശദീകരണം. ഒപിജിഡബ്ല്യു കേബിളിന്റെ ഒപ്റ്റിക്കൽ ഫൈബർ ഭാഗം മാത്രമാണ് ചൈനീസ് കമ്പനിയിൽ നിന്ന് വാങ്ങിയതെന്നും ന്യായീകരിക്കുന്നു.