സർക്കാരിന്റെ മുൻഗണനാ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയണം: നിർദ്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാരിന്റെ മുൻഗണനാപദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻഗണനാപദ്ധതികളുടെ അവലോകനത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കേണ്ടിടത്തെല്ലാം പുനരധിവാസത്തിന് മുഖ്യ പരിഗണന നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കൊച്ചി മെട്രോയുടെ പേട്ടമുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ഭാഗം 2022 മാർച്ച് മാസത്തോടെ പൂർത്തിയാക്കും, കലൂർ മുതൽ കാക്കനാട് വരെയുള്ള ഭാഗത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും, ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തും, പൈതൃക സംരക്ഷണം കൂടി പരിഗണിച്ച് കൊച്ചി വാട്ടർമെട്രോ പദ്ധതി ഊർജ്ജിതപ്പെടുത്തും തുടങ്ങിയ നിർദേശങ്ങളും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.
സെമീഹൈസ്പീഡ് റെയിൽവേയുടെ അവസാന അലൈൻമെന്റ് എത്രയും വേഗം പൂർത്തീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹികാഘാതം പഠനം വേഗത്തിലാക്കണമെന്നും മലയോര ഹൈവേയുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ അനുമതി വേണ്ട സ്ഥലങ്ങൾ ബന്ധപ്പെട്ടവർ സന്ദർശിച്ച് രൂപരേഖ തയ്യാറാക്കി മൂന്നുമാസത്തിനകം ഡിപിആർ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.