‘നിലമ്പൂർ ആശുപത്രി സന്ദർശിച്ചപ്പോൾ ഈ പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടിരുന്നു’; സിന്ധുവിന് മറപടിയുമായി ആരോഗ്യ മന്ത്രി
നിലമ്പൂർ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിലെ ദുരവസ്ഥ തുറന്നുകാട്ടിയ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മറുപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആശുപത്രി സന്ദർശിച്ചപ്പോൾ വിഷയം ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഈ സാമ്പത്തിക വർഷം തന്നെ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടി ഇങ്ങനെ :
പ്രിയ സിന്ധു,
നിലമ്പൂർ ആശുപത്രി സന്ദർശിച്ചപ്പോൾ ഈ പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഡി.എം.ഒ, ഡി.പി.എം എന്നിവരുമായി സംസാരിച്ച് പരിഹാര മാർഗങ്ങൾ തേടിയിരുന്നു. എട്ട് വർഷം മുമ്പ് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ബ്ലോക്കിന് അനുമതി നൽകി നിർമ്മാണം ആരംഭിച്ചിരുന്നു. നിർമ്മാണം ഏറ്റെടുത്ത ബി.എസ്.എൻ.എൽ പകുതിയിൽ നിർത്തി പോയി. വർഷങ്ങൾ കഴിഞ്ഞതിനാൽ നിർമ്മാണ തുകയിൽ വലിയ വ്യത്യാസം വന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഒമ്പത് കോടി രൂപ അനുവദിച്ചിരുന്നു. ടെണ്ടർ നടപടികൾ ആയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ അമ്മയും കുഞ്ഞും ബ്ലോക്ക് യാഥാർത്ഥ്യമാക്കാൻ കഴിയും. ഇതിലൂടെ തന്നെ ആശുപത്രികളിലെത്തുന്ന പട്ടിക വർഗ്ഗക്കാർ ഉൾപ്പെടെയുള്ള നിലമ്പൂരുകാർ നേരിടുന്ന വിഷമത്തിന് പരിഹാരം കാണാൻ കഴിയും.
നിലമ്പൂർ ഗവൺമെന്റ് ആശുപത്രിയിലെ പ്രസവ വാർഡിൽ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഗർഭിണികൾ നരകയാതന അനുഭവിക്കുന്നതായി സിന്ധു സൂരജ് എന്ന സ്ത്രീയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഒരാൾ തന്നെ കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് കിടക്കേണ്ടി വരുന്നത് രണ്ട് ഗർഭിണികൾക്കാണെന്ന് പോസ്റ്റിൽ പറയുന്നു. ഒരു ദിവസം മാത്രം മുപ്പതിലേറെ ഗർഭിണികളെത്തുന്ന ഈ വാർഡിൽ ആകെയുള്ളത് 14 ബെഡ്ഡും, രണ്ട് ടേബിളുകളും ഒരു യൂറോപ്യൻ ക്ലോസറ്റ് മാത്രം ഉൾപ്പെടുന്ന മൂന്ന് കക്കൂസുകളുമാണ്.
ഇന്നലെ മാത്രം വന്ന 35 അഡ്മിഷനുകളിൽ 90 ശതമാനവും പൂർണ്ണ ഗർഭിണികളാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വേദന തുടങ്ങിയവരും , ഓപ്പറേഷനുള്ളവരും , വെള്ളം പോയി തുടങ്ങിയതുമായി വേദനയുടെ പരകോടി താങ്ങുന്നവർ നിലത്തുപോലും പായ വിരിച്ചു കിടക്കാൻ ഇടമില്ലാതെ ദുരിതത്തിലായിരുന്നുവെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി കൂടിയായ സിന്ധു വിവരിക്കുന്നു.