‘ആരോഗ്യ നില ഗുരുതരം, ഡോക്ടർമാർ പരമാവധി പരിശ്രമിക്കുന്നുണ്ട്’; സന്തോഷിനെ സന്ദർശിച്ച് മന്ത്രി രാധാകൃഷ്ണൻ
തൃശൂർ: ആൾക്കൂട്ട മർദ്ദനത്തിൽ പരിക്കേറ്റ സന്തോഷിൻ്റെ ആരോഗ്യ നില ഗുരുതരമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. തൃശൂർ മെഡിക്കൽ കോളേജിൽ ന്യൂറോ ഐ സി യുവിലെത്തി സന്തോഷിനെ സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നലെ ശസ്ത്രക്രിയ നടത്തിയിരുന്നു. സിടി സ്കാൻ എടുത്തിട്ടുണ്ട്. ഡോക്ടർമാർ പരമാവധി പരിശ്രമിക്കുന്നുണ്ട്. പൊലീസ് വിശദ അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംഭവം അറിഞ്ഞപ്പോൾ തന്നെ മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ബന്ധപ്പെട്ടു. സന്തോഷിന് മികച്ച ചികിത്സ ഉറപ്പാക്കും. നാല് പ്രതികൾ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. രണ്ടേമുക്കാൽ വരെ സന്തോഷ് വീട്ടിലുണ്ടായിരുന്നു. എന്തിനാണെന്ന് പോലും അറിയാതെയാണ് മർദ്ദനം. ഒരാളെ പ്പോലും രക്ഷപെടാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.