കൊണ്ടോട്ടി ആള്‍ക്കൂട്ട കൊലപാതകം: എല്ലാവരും ഉറങ്ങിയ ശേഷം രാജേഷ് മാഞ്ജി ഒറ്റയ്ക്ക് പുറത്തിറങ്ങിയത് എന്തിനെന്നും പൊലീസ് അന്വേഷിക്കും
കൊണ്ടോട്ടി ആള്‍ക്കൂട്ട കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതം. മറ്റ് തൊഴിലാളികള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന രാജേഷ് മാഞ്ജി ഒറ്റയ്ക്ക് പുറത്തിറങ്ങിയത് എന്തിനെന്നും പൊലീസ് പരിശോധിക്കും. കേസില്‍ ഇതുവരെ ഒന്‍പത് പേരാണ് അറസ്റ്റിലായത്. സഭവത്തില്‍ കഴിഞ്ഞ ദിവസം ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജേഷ് മാഞ്ജി കോഴിത്തീറ്റ ഗോഡൗണില്‍ ജോലിക്കായി എത്തുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് എട്ട് മണിവരെ ഇയാള്‍ അവിടെ ജോലിക്കുണ്ടായിരുന്നു. അതിന് ശേഷം ഇയാള്‍ മറ്റ് മൂന്ന് ജീവനക്കാര്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നു. ഗോഡൗണില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്ന നാല് വാതിലുകളും താക്കോല്‍ ഉപയോഗിച്ച് പൂട്ടിയ നിലയിലായിരുന്നു. എല്ലാവരും ഉറങ്ങിയ ശേഷം രാജേഷ് എന്തിനാണ് പുറത്തിറങ്ങിയതെന്നാണ് പൊലീസ് അന്വേഷിച്ചുവരുന്നത്. ശനിയാഴ്ചയാണ് രാജേഷ് ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്.
കൊണ്ടോട്ടി കിഴിശ്ശേരിയില്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് 300 മീറ്റര്‍ മാറി മറ്റൊരു വീട്ടില്‍ നിന്നാണ് അവശനായ നിലയില്‍ രാജേഷിനെ കണ്ടെത്തിയത്. പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചിരുന്നതായി എസ്പി വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട രാജേഷ് മഞ്ജിയെ കണ്ടെത്തിയ അലവിയുടെ വീടിന് പരിസരത്ത് വെച്ചാണ് മര്‍ദ്ദനം നടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കി.