Saturday, January 4, 2025
Kerala

പാർട്ടി അമ്മയാണെന്നാണ് ഡി.കെ പറഞ്ഞത്, മുഖ്യമന്ത്രി ചർച്ചയിൽ പ്രതിസന്ധിയില്ല; കെ.സി. വേണുഗോപാൽ

കർണാടകയിൽ മുഖ്യമന്ത്രി ചർച്ചയിൽ പ്രതിസന്ധിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. പാർട്ടി അമ്മയാണെന്നാണ് ഡി.കെ ശിവകുമാർ പറഞ്ഞത്. അങ്ങനെയുള്ളയാൾ എങ്ങനെ വെല്ലുവിളി ഉയർത്തിയെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയെ കണ്ടെത്താൻ കാലതാമസം നേരിടുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും കെ. സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പായിട്ടും മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദം തുടര്‍ന്ന് ഡി കെ ശിവകുമാര്‍. മുഖ്യമന്ത്രി പദം വീതം വയ്ക്കുകയാണെങ്കില്‍ ആദ്യ ടേം വേണമെന്നാണ് ഡി കെ ശിവകുമാറിന്റെ ആവശ്യം. ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയില്‍ ഡി കെ അതൃപ്തി രേഖപ്പെടുത്തി. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കായി ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചര്‍ച്ചകള്‍ നടക്കുക.

പാര്‍ട്ടിയെ ചതിക്കാനോ പിന്നില്‍ നിന്ന് കുത്താനോ ഇല്ലെന്നാണ് എഎന്‍എയോട് ഡി കെ ശിവകുമാര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി തനിക്ക് മാതാവിനെപ്പോലെയാണ്. മകന് ആവശ്യമുള്ളത് മാതാവ് തരുമെന്നും ഡി കെ പറയുന്നു. ഒരു തരത്തിലും വിഭാഗീയത ഉണ്ടാക്കാനില്ലന്നും ഡി കെ ശിവകുമാര്‍ പറയുന്നു.

എഐസിസി നിയോഗിച്ച നിരീക്ഷകര്‍ ഇന്നലെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പ്രകാരം ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യക്കാണ്. എങ്കിലും സമവായത്തിലൂടെ മാത്രമേ തീരുമാനം പ്രഖ്യാപിക്കൂ എന്നാണ് കര്‍ണാടകയുടെ ചുമതലയുള്ള ഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജ്ജെവാല വ്യക്തമാക്കിയിരിക്കുന്നത്. ഡി. കെ ശിവകുമാര്‍ ഡല്‍ഹിയില്‍ എത്തിയാല്‍ സമവായത്തിലെത്തി പ്രഖ്യാപനം നടത്താമെന്നാണ് ഹൈക്കമാന്‍ഡിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *