അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കം തടയും; ജനകീയ സമരസമിതി
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ആനമല അന്തർ സംസ്ഥാന പാത ഉപരോധിച്ച് ജനകീയ സമരസമിതി. ചാലക്കുടി എംഎൽഎ ടി ജെ സനീഷ് കുമാർ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു സമരം. നാളെ വാഴച്ചാലിൽ എത്തുന്ന മന്ത്രി എ കെ ശശീന്ദ്രനെ ആശങ്ക നേരിട്ട് അറിയിക്കുമെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി.
രാവിലെ 10 മണി മുതലാണ് ചാലക്കുടി ആനമല അന്തർ സംസ്ഥാന പാത ജനകീയ സമരസമിതി ഉപരോധിച്ചത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കം എന്ത് വിലകൊടുത്തും തടയുമെന്ന് സമരസമിതി പ്രഖ്യാപിച്ചു. ചാലക്കുടി എംഎൽഎ ടി ജെ സനീഷ് കുമാർ ജോസഫ് സമരം ഉദ്ഘാടനം ചെയ്തു.പറമ്പിക്കുളം വാഴച്ചാൽ എന്നിവിടങ്ങളിലെ ആദിവാസി മേഖലയിൽ നിന്നുള്ളവരും സമരത്തിൻറെ ഭാഗമായി.
ഉപരോധ സമരത്തെ തുടർന്ന് ടൂറിസ്റ്റുകൾ പ്രതിഷേധവുമായി രംഗത്തെത്തി. സമരം മുൻകൂട്ടി പ്രഖ്യാപിച്ചതാണെന്നായിരുന്നു സമരസമിതി നേതാക്കളുടെയും നാട്ടുകാരുടെയും പ്രതികരണം.നാളെ വാഴച്ചാൽ എത്തുന്ന മന്ത്രി എ കെ ശശീന്ദ്രന് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തുമെന്ന് സമരസമിതി ഭാരവാഹികൾ വ്യക്തമാക്കി.