ഷുഹൈബ് വധം: ഘാതകരെ ശിക്ഷിക്കുന്നതുവരെ പോരാട്ടം തുടരും -കെ സുധാകരന്‍
കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിൻ്റെ ഘാതകര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഷുഹൈബ് ഉള്‍പ്പെടെയുള്ള രക്തസാക്ഷികളുടെ ചോരയ്ക്ക് സിപിഐഎമ്മിനെ കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്യുന്ന സർക്കാർ കുടുംബത്തിന് ലഭിക്കേണ്ട നീതി നിഷേധിക്കുകയാണ്. മകനെ നഷ്ടപ്പെട്ട ഉമ്മയും ബാപ്പയും നീതിക്കായി മുഖ്യമന്ത്രിയുടെ കാലുപിടിച്ച് ആപേക്ഷിച്ചിട്ടും കൊലപാതികള്‍ക്ക് അനുകൂല നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഖജനാവില്‍ നിന്നും 1.36 കോടി രൂപ ചെലവാക്കി മുന്‍നിര അഭിഭാഷകരെ നിയോഗിച്ച് കൊലപാതകികളെ രക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. ഷുഹൈബ് വധക്കേസില്‍ സത്യസന്ധമായ അന്വേഷണത്തിന് എതിർ നില്‍ക്കുന്നതില്‍ നിന്നു തന്നെ ഈ കൊലപാതകത്തിലുള്ള സിപിഎമ്മിന്റെ പങ്ക് വ്യക്തമാണ്.
സുപ്രീംകോടതിയില്‍ നിന്നും സിബിഐ അന്വേഷണത്തിനുള്ള അനുകൂലവിധി ലഭിക്കുമെന്ന വിശ്വാസമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കേരളീയ സമൂഹം സിപിഐഎമ്മിന്റെ കൊലയാളി മുഖം തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രം അമ്പതോളം ചെറുപ്പക്കാരെ സിപിഎം കൊന്നുതള്ളി. പെരിയയില്‍ ശരത് ലാലിനെയും കൃപേഷിനെയും കൊന്നതും സിപിഐഎമ്മാണ്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളുടെ അറിവോടെയാണ് ഓരോ കൊലപാതകവും നടത്തിയതെന്ന ഉത്തമബോധ്യം അനുഭവത്തില്‍നിന്ന് തിരിച്ചറിഞ്ഞവരാണ് കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍. ആകാശ് തില്ലങ്കേരി അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായി നഗ്‌നസത്യങ്ങള്‍ വിളിച്ചുപറഞ്ഞതില്‍ സന്തോഷമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.