കണ്ണൂരിൽ പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം, വാഹനങ്ങൾ കത്തിനശിച്ചു
കണ്ണൂർ : കുറുമാത്തൂർ വെള്ളാരം പാറയിലെ പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം. വാഹനങ്ങൾ കത്തി നശിച്ചു. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാർഡിൽ തീപിടിച്ച് നശിച്ചത്. തീ പടർന്ന് പിടിച്ചതോടെ തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എങ്ങനെയാണ് തീ പടർന്നതെന്നതിൽ വ്യക്തതയില്ല.
വാഹനങ്ങൾ പ്രദേശത്ത് നിന്ന് മാറ്റണമെന്നും അപകട സാധ്യതയുണ്ടെന്നും പൊലീസിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി ഫയർ ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫയർ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് ഇത്രയും വലിയ അപകടമുണ്ടാകാൻ കാരണമായതെന്ന് നാട്ടുകാരും കുറ്റപ്പെടുത്തി.