നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാറിന്റെ വിസ്താരം നടത്തുന്നതില്‍ വിചാരണക്കോടതിയുടെ തീരുമാനം നാളെ
നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരം നടത്തുന്നതില്‍ വിചാരണക്കോടതിയുടെ തീരുമാനം നാളെ. വൃക്കരോഗം അലട്ടുന്നുണ്ടെന്നും കൊച്ചിയില്‍ നേരിട്ട് ഹാജരാകാനാകില്ലെന്നും ബാലചന്ദ്രകുമാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. സാക്ഷി വിസ്താരം തിരുവനന്തപുരം കോടതിയിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ വിഡിയോ കോണ്‍ഡഫറന്‍സ് വഴി നടത്തുകയോ വേണമെന്നാണ് ബാലചന്ദ്രകുമാറിന്റെ ആവശ്യം. എന്നാല്‍ ഇത് വിചാരണ നീട്ടാനുള്ള തന്ത്രമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. തിരുവനന്തപുരത്താണ് തന്റെ ചികിത്സ നടക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലാണ് കോടതി നാളെ തീരുമാനമറിയിക്കുന്നത്.
കേസില്‍ തെളിവുകള്‍ ഇല്ലാത്തതിനാലാണ് വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നതെന്ന് ദിലീപ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിരുന്നു. മഞ്ജുവാര്യരേയും കാവ്യാമാധവന്റെ മാതാപിതാക്കളേയും വിസ്തരിക്കുന്നതിലും ദിലീപ് എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ കുറ്റമറ്റ രീതിയില്‍ വിചാരണ നടത്തുന്നതിനുള്ള ശ്രമങ്ങളാണ് പ്രോസിക്യൂഷന്‍ നടത്തുന്നതെന്നും മഞ്ജു വാര്യര്‍ ഉള്‍പ്പെടെ നാല് പേരുടെ വിസ്താരം മാത്രമാണ് അവശേഷിക്കുന്നതെന്നും സംസ്ഥാനം സുപ്രിംകോടതിയെ അറിയിച്ചു.
ബാലചന്ദ്രകുമാറിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് പ്രതിഭാഗമാണെന്നും സംസ്ഥാനം സുപ്രിംകോടതിയില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കാനായി കേസ് 17ാം തിയതിയിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. അതിന് മുന്നോടിയായി രണ്ട് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാനും തന്റെ വാദങ്ങള്‍ കോടതിയെ അറിയിക്കാനും കോടതി ദിലീപിന് അവസരം നല്‍കിയിരുന്നു. ഇത് പ്രകാരമാണ് ദിലീപ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.