Sunday, April 13, 2025
Kerala

തൃശൂരിലെ നിക്ഷേപത്തട്ടിപ്പ്; ബാങ്ക് ഉടമയെയും കുടുംബത്തെയും രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നു എന്ന് ആരോപണം

കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി പാണഞ്ചേരിയും കുടുംബത്തെയും രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി പരാതിക്കാർ രംഗത്ത്. ഇയാൾക്ക് ഒളിവിൽ പോകാൻ എല്ലാ സഹായവും നൽകിയത് ഉന്നതരാണെന്ന് നിക്ഷേപകർ കുറ്റപ്പെടുത്തി.

പാപ്പർ സ്യൂട്ട് ഹർജി ഫയൽ ചെയ്ത് തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി പാണഞ്ചേരിയും കുടുംബവും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ശക്തമായി തന്നെ നടത്തുകയാണ്. നിക്ഷേപകർ വലിയ ആശങ്കയിലാണ്. പാപ്പർ സ്യൂട്ട് ഹർജി ഫയൽ ചെയ്തത് കൂടുതൽ പേർ പരാതിയുമായി രംഗത്തെത്താതിരിക്കാൻ ആണെന്നാണ് പണം നഷ്ടപ്പെട്ടവർ ഉറച്ചു വിശ്വസിക്കുന്നത്. ജോയ് ഡി പാണഞ്ചേരി തട്ടിപ്പ് നടത്തി മുങ്ങാൻ മാസങ്ങൾക്ക് മുൻപേ ശ്രമം തുടങ്ങിയതാണെന്നാണ് ആരോപണം.

സമൂഹത്തിലെ ഉന്നതരുടെ പണം സ്ഥാപനത്തിലുള്ളതുകൊണ്ട്, ധനവ്യവസായ ബാങ്കേഴ്സ് പിടിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടായിരുന്നതായും നിക്ഷേപകർ കുറ്റപ്പെടുത്തുന്നു. പക്ഷേ പൊലീസ് ഇപ്പോഴും പറയുന്നത് ജോയ് ഡി പാണഞ്ചേരിയും കുടുംബവും ഒളിവിൽ തന്നെയാണെന്നാണ്. അതിനിടെ മുൻകൂർ ജാമ്യം തേടാൻ ധനവ്യവസായ ബാങ്കേഴ്സ് ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.

പൊലീസിൻ്റെയും മറ്റ് ഉന്നതരുടെയും ഒത്താശയില്ലാതെ ജോയ് ഡി പാണഞ്ചേരിക്കും കുടുംബത്തിനും ഈ സ്ഥാപനം പൂട്ടി മുങ്ങാനാകില്ല എന്ന് തന്നെയാണ് നിക്ഷേപകരെല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. പൊലീസ് ശക്തമായ നടപടിയിലേക്ക് കടന്നില്ലെങ്കിൽ നിയമ നടപടിയിലേക്ക് കടക്കാനാണ് നിക്ഷേപകരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *