സംഭവം അറിയിച്ചത് 3.15ന്, പൊലീസ് എത്തിയത് 5 മണിക്ക്; ഡൽഹിയിൽ യുവതിയെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ പൊലീസ് വീഴ്ചയെന്ന് ആരോപണം
ഡൽഹിയിൽ യുവതിയെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപണം. സംഭവത്തെ കുറിച്ച് പോലീസിനെ അറിയിച്ചെങ്കിലും കൃത്യസമയത്ത് ഇടപെടൽ ഉണ്ടായില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വിവരം പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാൻ പൊലീസ് താല്പര്യം കാണാച്ചില്ലെന്നാണ് പരാതി.
പുലർച്ചെ 3.15 ന് പൊലീസിനെ വിവരം അറിയിച്ചെങ്കിലും 5 മണിവരെ ഇടപെടൽ ഉണ്ടായില്ല. കാറിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ ദൃക്സാക്ഷികൾ പൊലീസിന് നൽകിയിരുന്നു. അതേസമയം സംഭവത്തിൽ അറസ്റ്റിലായ കാറിന്റെ ഉടമ അടക്കമുള്ള 5 പേരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പുതുവർഷ പുലരിയിൽ ഡൽഹിയിലെ സുൽത്താൻപുരിയിലാണ് ദാരുണ സംഭവം നടന്നത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ, പുതു വർഷ ആഘോഷത്തിനിറങ്ങിയ യുവാക്കളുടെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. യുവാക്കൾ കാർ നിർത്താൻ തയ്യാറായില്ല. തെറിച്ചുവീണ യുവതിയുടെ വസ്ത്രം കാറിന് അടിവശത്ത് കുടുങ്ങുകയായിരുന്നു.
സുൽത്താൻപുരി മുതൽ കഞ്ചവാലവരെ 8 കിലോമീറ്ററിലേറെ ദൂരം യുവതിയെ വലിച്ചിഴച്ചു. യുവതിയുടെ ശരീരം വലിച്ചിഴച്ചു കാർ പോകുന്നത് കണ്ടു നിരവധി പേർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചവാലയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങൾ നഷ്ടപ്പെട്ട നിലയിൽ ആയിരുന്നു മൃതദേഹം.
സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്നും കാർ കണ്ടെത്തിയ പോലീസ്, കാറിൽ ഉണ്ടായിരുന്ന 5 യുവാക്കളെ അറസ്റ്റ് ചെയ്തു. ഇവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ ഭയത്തെ തുടർന്നാണ് വാഹനം നിർത്താതിരുന്നതെന്നും യുവതി വാഹനഅതിനടിയിൽ കുടുങ്ങിയത് അറിഞ്ഞില്ല എന്നുമാണ് യുവാക്കൾ പോലീസിൽ നൽകിയ മൊഴി. ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ വിഷയത്തിൽ പൊലീസിൽ നിന്നും സമഗ്രമായ റിപ്പോർട്ട് തേടി.